പച്ചക്കറികള്‍ക്ക് വിലകുറഞ്ഞു; നാണ്യപ്പെരുപ്പ നിരക്കില്‍ കുറവ്

മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്കില്‍ കുറവ്. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവാണ് കാരണം. അതേസമയം ഇന്ധനത്തിനും ഊര്‍ജത്തിനും വില അതേപടി നിലനിന്നു.

വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം നവംബര്‍ മാസത്തില്‍ 4.64 ശതമാനമാണ് നാണ്യപ്പെരുപ്പം. ഒക്ടോബറില്‍ ഇത് 5.28 ശതമാനമായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവാണ് നാണ്യപ്പെരുപ്പം കുറയാന്‍ കാരണമായത്. ഉള്ളിക്കും ധാന്യങ്ങള്‍ക്കും പുറമെ പച്ചക്കറികള്‍ക്കും ഗണ്യമായി വിലകുറഞ്ഞു. അതേസമയം, ഉരുളക്കിഴങ്ങിന് വില കൂടിയെങ്കിലും നാണ്യപ്പെരുപ്പത്തെ ബാധിച്ചില്ല.  ഇന്ധനത്തിന്റെയും ഊര്‍ജത്തിന്റെയും നവംബറിലെ വിലയില്‍ കാര്യമായ കുറവുണ്ടായില്ല. ഒക്ടോബറില്‍ 18.44 ശതമാനമായിരുന്നപ്പോള്‍ 16.28 ശതമാനമായിരുന്നു ഇന്ധന, ഊര്‍ജ വിലയെ അടിസ്ഥാനമാക്കിയുള്ള നവംബറിലെ നാണ്യപ്പെരുപ്പം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് ബുധനാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം നവംബറിലും ഡിസംബറിലും വ്യാവസായികോല്‍പാദനവും മെച്ചപ്പെട്ടിരുന്നു. 

കഴിഞ്ഞ പതിനൊന്നുമാസത്തിനിടയിലെ ഏറ്റവും മികച്ച വ്യാവസായികോല്‍പാദനമാണ് ഒക്ടോബറിലുണ്ടായത്. സെപ്റ്റംബറില്‍ 4.6 ശതമാനമായിരുന്ന മാനുഫാക്ചറിങ് മേഖലയിലെ വളര്‍ച്ച ഒക്ടോബറില്‍ 7.9 ശതമാനമായി ഉയര്‍ന്നു. വൈദ്യുതോല്‍പാദനം ഏഴില്‍ നിന്ന് 10.8 ശതമാനമായി. തീരെ നിര്‍ജീവമായിരുന്ന ഖനന മേഖല പൂജ്യത്തില്‍  8.2 ശതമാനമായാണ് വളര്‍ന്നത്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം നവംബറില്‍ 17 മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലുമെത്തി.