തിരിച്ചടികൾക്കിടെ വാട്സാപ്പ് ബിസിനസ് തലവൻ രാജിവെച്ചു

വാട്സാപ്പിന്റെ ബിസിനസ് വിഭാഗം തലവന്‍ നീരജ് അറോറ രാജിവച്ചു. രാജിയുടെ കാരണം വ്യക്തമല്ല. വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വിവിധ രാജ്യങ്ങള്‍ വാട്സാപ്പിനോട് ആവശ്യപ്പെടുന്നതിനിടെയാണ് അറോറ സ്ഥാനമൊഴിയുന്നത്.  

കഴിഞ്ഞ പതിനൊന്നുകൊല്ലം കമ്പനിയെ നയിച്ച ശേഷമാണ് ഡല്‍ഹി സ്വദേശിയായ നീരജ് അറോറ രാജിവയ്ക്കുന്നത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുകയാണ് ഉദ്ദേശ്യമെന്ന് അറോറ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. അതേസമയം, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വാട്സാപ്പ് തിരിച്ചടികള്‍‌ നേരിടുന്ന സമയത്താണ് രാജിയെന്നത് ശ്രദ്ധേയമാണ്. 

വ്യാജ വാര്‍ത്തകള്‍ വ്യാപിക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. വാട്സാപ്പിന് ആകെയുള്ള നൂറ്റമ്പത് കോടി സജീവ ഉപഭോക്താക്കളില്‍ 20 കോടിയും ഇന്ത്യാക്കാരാണ്. 2014ല്‍ വാട്സാപ്പിനെ ഫെയ്സ്ബുക്ക് ഏറ്റെടുത്തതോടെയാണ് നീരജ് അറോറ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഏറ്റെടുക്കലിന് ചുക്കാന്‍ പിടിച്ചത് അറോറയായിരുന്നു. വാട്സാപ്പ് സ്ഥാപകരായ ജാന്‍ കൂമിനോടും ബ്രയന്‍ ആക്ടനോടും ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് അറോറ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. 

കൂം കഴിഞ്ഞ മേയില്‍ കമ്പനി വിട്ടിരുന്നു. മുന്‍ നേതാക്കളുടെ ആത്മാര്‍ഥതയെയും ഉല്‍സാഹത്തെയും നന്ദിയോടെ ഓര്‍ക്കുന്നുവെന്നായിരുന്നു രാജിയോട് വാട്സാപ്പ് വക്താവിന്റെ പ്രതികരണം. 

ഇസിടാപ് സ്ഥാപകന്‍ അഭിജിത് ബോസിനെ ഇന്ത്യാ തലവനായി വാട്സാപ്പ് അടുത്തിടെ നിയമിച്ചിരുന്നു. അടുത്ത കൊല്ലം മാത്രമേ ബോസ് ചുമതലയേറ്റെടുക്കൂ.