ഉല്‍സവകാലത്ത് പൊടിപൊടിച്ച് ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ വിൽപന

ഇക്കഴിഞ്ഞ ഉല്‍സവസീസണില്‍ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളുടെ വില്‍പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം വരെ വര്‍ധിച്ചു. നോട്ട് നിരോധനത്തിനത്തോടെ, പണം മുടക്കാന്‍ പൊതു ജനത്തിനുണ്ടായ മടി മാറിവരുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്.  

നോട്ട് നിരോധനത്തിനുശേഷം ഏറ്റവുമധികം തിരിച്ചടി നേരിട്ട വിഭാഗമാണ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഉല്‍പന്ന മേഖല. രണ്ടുകൊല്ലം മുന്‍പ് നോട്ട് നിരോധിച്ചതിനുശേഷം വില്‍പന തുലോം കുറഞ്ഞിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരുന്നതായാണ് ദീപാവലി സീസണിലെ വില്‍പന സൂചിപ്പിക്കുന്നത്. 12 മുതല്‍ 15 ശതമാനം വരെയാണ് വില്‍പന കൂടിയത്. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ക്ക് പത്തുശതമാനം ജിഎസ്ടി കുറച്ചതുതന്നെയാണ് വില്‍പന കൂടാന്‍ പ്രധാന കാരണം. 

ഇ കൊമേഴ്സ് ഭീമന്മാര്‍ ഓഫറുകളുമായി രംഗത്തെത്തിയതും കച്ചവടം കൂട്ടി. പണലഭ്യതയ്ക്ക് തടസം നേരിടുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് ഐസിഐസിഐ ബാങ്ക്, എച്ഡിഎഫ്സി ബാങ്ക്, കോടക് മഹീന്ദ്ര ബാങ്ക് എന്നിവ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കിയതും ബിസിനസ് വര്‍ധിപ്പിച്ചു. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍‍ഡുകള്‍ വഴിയുള്ള ഇടപാട് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം കൂടി. 

ഉല്‍സവകാലം തുടങ്ങിയപ്പോള്‍ തന്നെ ബുക്കിങ്ങ് കൂടിയതിനാല്‍ 55 ഇഞ്ച് ടിവിയുടെ സ്റ്റോക്ക് തീര്‍ന്നെന്ന് സോണിയും എല്‍ജിയും വ്യക്തമാക്കി. എണ്‍പതിനായിരത്തിനും അഞ്ചുലക്ഷത്തിനുമിടയില്‍ വിലയുള്ള റഫ്രിജറേറ്ററുകളുടെ വില്‍പന കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയായതായി എല്‍ജി പറഞ്ഞു.

അതേസമയം, അറുപതിനായിരം മുതല്‍ മുപ്പതുലക്ഷം വരെ വിലയുള്ള ഫോര്‍ കെ ഒലെഡ് ടിവിയുടെ വില്‍പന മൂന്നിരട്ടിയായി. ഹെഡ് ഫോണുകള്‍, ഡിഎസ്എല്‍ആര്‍ ക്യാമറകള്‍, ഗെയിമിങ്ങ് ലാപ്ടോപ്, ആപ്പിള്‍ ഐ ഫോണ്‍ എക്സ്, വണ്‍ പ്ലസ് സിക്സ് ടി എന്നിവയായിരുന്നു വില്‍പന്നയില്‍ മുന്നിട്ടുനിന്നതെന്ന് ആമസോണ്‍ വ്യക്തമാക്കി.