കേരള സോപ്പിന്റെ ഉല്‍പ്പന്നങ്ങള്‍ ചൈനയിലും തായ്‌ലന്‍ഡിലും

കടക്കെണിയില്‍ നിന്ന് കഴിഞ്ഞവര്‍ഷം ലാഭത്തിലായ കേരള സോപ്പിന്റെ ഉല്‍പ്പന്നങ്ങള്‍ ചൈനയിലും തായ്്ലന്‍ഡിലുമെത്തും. വ്യത്യസ്തയിനം സോപ്പും അനുബന്ധ ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിനുള്ള പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി. മികവുറ്റ ഉല്‍പ്പന്നങ്ങളാണെങ്കിലും വിപണിയില്‍ സ്ഥിരമായി ഇടംപിടിക്കാന്‍ കഴിയാത്തതിന്റെ പോരായ്മ മറികടക്കുമെന്നും വ്യവസായമന്ത്രി മന്ത്രി.ഇ.പി.ജയരാജന്‍ പറഞ്ഞു. 

ഗുണമേന്‍മയും മുടക്കുന്ന പണത്തിന് കൃത്യമായ മൂല്യവും നല്‍കാന്‍ കേരള സോപ്പിനാകുന്നുണ്ട്. സപ്ലൈക്കോ, കണ്‍സ്യൂമര്‍ഫെഡ്, സര്‍ക്കാര്‍ വിപണനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് കേരള സോപ്പിന്റെ ഉല്‍പ്പന്നങ്ങള്‍ കിട്ടുന്നത്. ചെറിയ കടകള്‍ വഴിയും സോപ്പ് ആവശ്യക്കാരിലേക്കെത്തിക്കും. വിപണിസാധ്യത മനസിലാക്കി ഇടപെടാന്‍ പ്രത്യേക സംഘത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലും കേരള സോപ്പ് ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരുണ്ട്. ഇത് മനസിലാക്കിയാണ് നേരിട്ടെത്തി കാര്യങ്ങള്‍ പഠിച്ച് സോപ്പ് കയറ്റി അയയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നൂതന സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള പ്രവര്‍ത്തനത്തിനാണ് മുന്‍ഗണന.  

ഏറെ പ്രതിസന്ധിയിലൂടെ കടന്നുപോയ സ്ഥാപനം 2017 ഡിസംബറിലാണ് ചെറിയ ലാഭത്തിലേക്കെത്തിയത്. ഇത് നിലനിര്‍ത്തുകയാണ് പ്രധാനം. നിലവില്‍ അന്‍പത്തി എട്ട് സ്ഥിരം ജീവനക്കാരുള്‍പ്പെടെ 135 തൊഴിലാളികളാണ് കേരള സോപ്പിനുള്ളത്. ഉല്‍പ്പന്നങ്ങളുടെ വിപുലീകരണത്തിനായി അന്‍പതിലധികമാളുകള്‍ക്ക് കൂടി തൊഴില്‍ നല്‍കാനുള്ള തീരുമാനമെടുത്തിട്ടുണ്ട്. വലിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് പകരം നിലവിലെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി വിപണിയില്‍ ചുവടുറപ്പിക്കുന്നതിനാണ് ശ്രമമെന്ന് വ്യവസായമന്ത്രി വ്യക്തമാക്കി.