പാലക്കാടും കണ്ണൂരും വ്യവസായപാർക്ക്; ഭൂമിയേറ്റെടുക്കാൻ 12000 കോടി

തോമസ് ഐസക്

കിഫ്ബി ബോര്‍ഡ്, എക്സിക്യൂട്ടീവ് യോഗങ്ങള്‍ 16404 കോടിരൂപയുടെ 79 പദ്ധതികള്‍ക്ക് അനുമതി നല്‍കി. പാലക്കാടും കണ്ണൂരിലും വ്യവസായപാര്‍ക്കിന് ഭൂമിയെടുക്കാന്‍ 12000 കോടിരൂപയും എറണാകുളത്ത് സംയോജിത ജലഗതാഗത പദ്ധതിക്ക് ഭൂമിയെടുക്കാന്‍ 566 കോടിയും അനുവദിച്ചു. മസാല ബോണ്ടുകള്‍ ഇറക്കാന്‍ ഈ മാസം തന്നെ നടപടിയെടുക്കാനും തീരുമാനമായി.

ഇന്ന് ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗം 13887 കോടിരൂപയുടെ ഏഴ് പുതിയ അടിസ്ഥാനസൗകര്യപദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. കണ്ണൂര്‍ വിമാനത്താവളത്തിന് ചുറ്റുമായി വ്യവസായ ക്ലസ്റ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള ബൃഹത് പദ്ധതിയാണ് ഇതില്‍ പ്രധാനം. കണ്ണൂരില്‍ വ്യവസായപാര്‍ക്കിന് 4896 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. പാലക്കാട് 470 ഏക്കറും. 

നേരത്തെ കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി 2518 കോടിയുടെ ഉപപദ്ധതികള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതുവരെ കിഫ്ബി വഴി 39716 കോടിരൂപയുടെ 387 പദ്ധതികള്‍ അംഗീകരിച്ചു. ഇതില്‍ 7735 കോിടയുടെ 215 പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്തു. 5106 കോടിരൂപയുടെ 144 പദ്ധതികള്‍ അവാര്‍ഡ് ചെയ്തു. ഇതുവരെ 848 കോടിരൂപയുടെ ബില്ല് മാറിനല്‍കി. കിഫ്ബിയുടെ തനതുഫണ്ടില്‍ ഇപ്പോള്‍ 4077കോടിരൂപയുണ്ട്. 

ലണ്ടന്‍,സിംഗപ്പൂര്‍ സ്റ്റോക് എക്സ്ചേഞ്ചുകള്‍ വഴി മസാലബോണ്ടുകള്‍ ഇറക്കാന്‍ ഈമാസം തന്നെ നടപടിയുണ്ടാകുമെന്ന് യോഗത്തിനുശേഷം ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 9 ശതമാനം പലിശനിരക്കിലാകും അഞ്ചുവര്‍ഷത്തെ കടപ്പത്രം പുറപ്പെടുവിക്കുന്നത്. 2642 കോടിരൂപയുടെ മസാല ബോണ്ടുകള്‍ക്ക് ആര്‍.ബി.ഐ അനുമതി നല്‍കി. വ്യവസായപാര്‍ക്കുകള്‍ക്ക് സ്ഥലമെടുക്കാന്‍ നല്‍കുന്നതുക കടപ്പത്രങ്ങളുടേതിന് തുല്യമായ പലിശസഹിതം കിഫ്ബിയ്ക്ക് മടക്കി നല്‍കണം.

നോര്‍ക്ക വെല്‍ഫയര്‍ ബോര്‍ഡ് വഴി ക്ഷേമപദ്ധതികള്‍ക്ക് പ്രവാസികളില്‍ നിന്ന് സമാഹരിക്കുന്ന തുക കിഫ്ബിയില്‍ നിക്ഷേപിക്കുന്നതിനും അനുമതി നല്‍കി. കിഫ്ബിയിലേക്ക് ധനസമാഹരണത്തിനുള്ള പ്രവാസിചിട്ടിക്കും ഇന്ന് തുടക്കമായി. 1200 ചിട്ടികളാണ് ഇന്ന് തുടങ്ങിയത്