പ്രവാസിചിട്ടി 25 മുതൽ; പ്രവര്‍ത്തനങ്ങളെല്ലാം ഓണ്‍ലൈന്‍ വഴി

ഔപചാരിക ഉദ്ഘാടനച്ചടങ്ങുകളില്ലാതെ പ്രവാസിചിട്ടി 25ന് തുടങ്ങും. ഒരു മാസം കഴിയുമ്പോള്‍ ആദ്യ ലേലം നടത്തും. കിഫ്ബിയുടെ കീഴില്‍ നടപ്പാക്കുന്ന ഏത് പദ്ധതിയുടെ ഭാഗമാകണമെന്ന കാര്യം ചിട്ടിയില്‍ ചേരുന്നവര്‍ക്ക് തീരുമാനിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

കാത്തിരിപ്പിനൊടുവില്‍ കെഎസ്എഫ്ഇയുടെ പ്രവാസിചിട്ടി തുടങ്ങുന്നു. 25 മുതല്‍ പ്രവാസികള്‍ക്ക് വരിസംഖ്യ അടയ്ക്കാം. തുടര്‍ന്ന് ഒരുമാസത്തിനകം നടക്കുന്ന ആദ്യലേലം ഔപചാരിക ചടങ്ങായി സംഘടിപ്പിക്കും. 12271 പേര്‍ യുഎഇയില്‍ മാത്രം ചിട്ടിയില്‍ റജിസ്റ്റര്‍ ചെയ്തു.72000ലേറെ പേര്‍ താല്‍പര്യവും പ്രകടിപ്പിച്ചിട്ടുണ്ട്.  25 മുതല്‍ യു.എ.ഇക്ക് പുറത്തെ ജി.സി.സി രാജ്യങ്ങളിലുള്ളവര്‍ക്കും ചിട്ടിയില്‍ ചേരാം.   പ്രതിമാസം ആയിരം മുതല്‍ ലക്ഷംരൂപ വരെ അടവുവരുന്ന ചിട്ടികളാണുള്ളത്. 20,25,30,40,50 മാസങ്ങളായിരിക്കും കാലാവധി. ഏതുചിട്ടി വേണമെങ്കിലും വെബ്സൈറ്റ് വഴി തിരഞ്ഞെടുക്കാം. ചിട്ടിയുടെ പ്രതിദിന നീക്കിയിരുപ്പില്‍ നിന്ന് കെഎസ്എഫ്ഇ കിഫ്ബിയില്‍ നിക്ഷേപിക്കുന്ന പണം വിവിധ പദ്ധതികള്‍ക്ക് ഉപയോഗിക്കും.

ചിട്ടിയുടെ പ്രധാനപ്രവര്‍ത്തനങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാണ്. ഇതിന്റെ നടത്തിപ്പിന് തിരുവനന്തപുരത്ത് വെര്‍ച്വല്‍ ഓഫീസ് തുറന്നു. രണ്ടുലക്ഷം പേരെ പ്രവാസിചിട്ടിയില്‍ ചേര്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.