ജീവനക്കാർക്ക് ബെൻസ് സമ്മാനം; വീണ്ടും ഞെട്ടിച്ച് ‌ഈ വ്യാപാരി

സൂറത്തുകാരനായ രത്ന വ്യാപാരി സജ്‍വി ധൊലാക്കിയ വാർത്തകളിൽ നിറയാറുള്ളത് ജീവനക്കാർക്ക് നൽകാറുള്ള വിലപ്പിടിപ്പുള്ള സമ്മാനങ്ങളുടെ പേരിലാണ്. കഴിഞ്ഞ വർഷം പുതുവത്സരത്തോടനുബന്ധിച്ച് ഡാറ്റ്സണിന്‍റെ റെഡിഗോ ഹാച്ച്ബാക്കാണ് 1200 ജീവനക്കാർക്ക് ഇദ്ദേഹം സമ്മാനിച്ചത്. ബോണസായി വമ്പൻ സമ്മാനങ്ങൾ നൽകുന്നത് അവസാനിപ്പിക്കുകയാണെന്നും ചിലവു ചുരുക്കലിലേക്ക് നീങ്ങുകയാണെന്നും പിന്നീട് പ്രഖ്യാപിച്ചെങ്കിലും അമ്പരിപ്പിക്കുന്ന സമ്മാനങ്ങളുമായി ധൊലാക്കിയ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. മെഴ്സഡീസ് ബെൻസിന്‍റെ മൂന്നു കാറുകളാണ് തന്‍റെ മൂന്നു ജീവനക്കാർക്ക് അദ്ദേഹം നൽകിയിട്ടുള്ളത്.

കമ്പനിയിൽ 25 വർഷത്തെ സേവനം പൂർത്തിയാക്കിയ മൂന്നു ജീവനക്കാർക്കാണ് മെഴ്സഡീസ് ബെൻസ് എസ്‍യുവി സമ്മാനമായി ലഭിച്ചത്. സൂറത്തിൽ നടന്ന ചടങ്ങിൽ ധൊലാക്കിയ ഇവ ജീവനക്കാർക്കു കൈമാറി. ധൊക്കാലിയ ജീവനക്കാർക്കു നൽകിയ മെഴ്സഡീസ് ബെൻസ് 350 ഡി പതിപ്പിന് കാറൊന്നിന് ഒരു കോടി രൂപ വിലമതിക്കും.

ജീവനക്കാർക്ക് വില കൂടിയ കാറുകൾ സമ്മാനമായി നൽകുന്നത് പതിവാക്കിയ ഈ രത്ന വ്യാപാരി,  500 ഫിയറ്റ് പുന്‍റോ, മാരുതിയുടെയും ഡാറ്റ്സണിന്‍റെയും 1,260 കാറുകൾ, 1,200 ഡാറ്റ്സൺ റെഡി ഗോ എന്നിവയാണ് ഇതുവരെയായി ജീവനക്കാർക്ക് സമ്മാനിച്ചിട്ടുള്ളത്. ഒട്ടനവധി ആഡംബര സവിശേഷതകളുള്ള കാറാണ് സമ്മാനമായി നൽകിരിക്കുന്നത്.