ആഗോളവിപണിയില്‍ എണ്ണവില ഉയരും; ഉൽപാദനവർധനവ് ഇല്ല

ആഗോളവിപണിയില്‍ എണ്ണവില ഇനിയും ഉയരും. എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന അമേരിക്കന്‍ ആവശ്യം ഒപെകും റഷ്യയും തളളി.  എണ്ണയിറക്കുമതി രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമെ ഉല്‍പാദനം കൂട്ടൂ എന്ന് ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മ വ്യക്തമാക്കി. ഇറാനുമേലുള്ള ഉപരോധങ്ങള്‍ പൂര്‍ണതോതില്‍ നിലവില്‍ വരുന്നതോടെ എണ്ണവിലയില്‍ വന്‍വര്‍ധനയുണ്ടാകും. 

യുഎസ് ഉപരോധം മൂലം ഇറാനിൽ നിന്നുള്ള എണ്ണ ലഭ്യതയിലുണ്ടാകുന്ന കുറവ് മറ്റ് ഒപെക് രാജ്യങ്ങൾ പരിഹരിക്കണമെന്നാണു പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം. എന്നാല്‍  ഉല്‍പാദനം വര്‍ധിപ്പിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് എണ്ണ ഉല്‍പാദനരാജ്യങ്ങളുടെ തലപ്പത്തുളള സൗദി അറേബ്യയുടെ നിലപാട്. ആവശ്യമുള്ള എണ്ണ അതാത് രാജ്യങ്ങള്‍ക്ക് എത്തിക്കുന്നുണ്ടെന്ന് സൗദി ഉൗര്‍ജമന്ത്രി ഖാദില് അല്‍ ഫാലിഹ് വ്യക്തനാക്കി. ഉല്‍പാദനം  ംകൂട്ടണമെന്ന ട്രംപിന്‍റെ ആവശ്യം തള്ളിയതോടെ ബാരലിന് 80 ഡോളറിലെത്തിയ ക്രൂഡോയില്‍ വില ഇനിയും ഉയരാനാണ് സാധ്യത.

ഇറാന്‍ ഉപരോധവും വെനസ്വേലന്‍ പ്രതിസന്ധിയും കണക്കിലെടുത്ത് പ്രതിദിനം 10 ലക്ഷം ബാരലിന്റെ ഉൽപാദനവർധന നടത്താമെന്ന് ജൂണില്‍ ഉല്‍പാദക രാജ്യങ്ങള്‍ സമ്മതിച്ചിരുന്നു. അത് തന്നെ പ്രായോഗികമാക്കാന്‍ കഴിഞ്ഞിട്ടില്ല. റഷ്യ മാത്രമാണ് ഉല്‍പാദനത്തില്‍ കാര്യമായ വര്‍ധന വരുത്തിയിട്ടുള്ളത്.  . ഇറാന്‍ ഉപരോധമുണ്ടാക്കുന്ന കുറവ് പരിഹരിക്കാന്‍ സൗദി അറേബ്യയ്ക്ക് കഴിയില്ലെന്ന് അവരുടെ നടപടികള്‍ വ്യക്തമാക്കുന്നുണ്ട്. ഒപെക് ഇതര രാജ്യങ്ങൾകൂടി എത്രത്തോളം ഉൽപാദന വർധന നടപ്പാക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും ആഗോളവിപണിയിലെ എണ്ണവിലയുടെ ഗതി. വന്‍തോതിലുള്ള വിലവര്‍ധന യുഎസ് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനെയും സ്വാധീനിച്ചേക്കും.