പ്രളയ നഷ്ടപരിഹാരമായി ന്യൂ ഇന്ത്യ അഷ്വറന്‍സ് നല്‍കേണ്ടിവരുന്നത് 600 കോടി

പ്രളയത്തില്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ് 600 കോടിരൂപയുടെ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് കമ്പനി അധികൃതര്‍ .  കൊച്ചി മെട്രോയ്ക്ക് 200 കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് കെ.എം.ആര്‍.എല്‍   കമ്പനിയെ അറിയിച്ചു. കൊച്ചിയിലെ പ്രമുഖ വാണിജ്യ–വ്യവസായ സ്ഥാപനങ്ങളും ക്ലയിമിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ന്യൂ ഇന്ത്യ അഷ്വറന്‍സ്  വെളിപ്പെടുത്തി.

കെ.എം.ആര്‍.എല്‍ 200 കോടിയുടെ നഷ്ടം അവകാശപ്പെടുന്നുണ്ടെങ്കിലും കൊച്ചി മെട്രോയില്‍ സര്‍വേയര്‍ നടത്തിയ പരിശോധനയില്‍ 130 കോടിരൂപയുടെ നഷ്ടമാണ് കണ്ടെത്തിയത്. മുട്ടം യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന ഉപകരണങ്ങള്‍ വിതരണം ചെയ്ത കമ്പനികള്‍ നടത്തുന്ന പരിശോധനയ്ക്ക് ശേഷം നഷ്ടപരിഹാരം സംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകുമെന്ന് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി അറിയിച്ചു. 75 മുതല്‍ 100 കോടിവരെയാകാം യഥാര്‍ഥ നഷ്ടം. 45 കോടിരൂപ ഇടക്കാല നഷ്ടപരിഹാരമായി കെ.എം.ആര്‍.എലിന് നല്‍കും.

നെടുമ്പാശേരി വിമാനത്താവളത്തിന് 300 കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് വാര്‍ത്ത വന്നെങ്കിലും സിയാല്‍ ഇതുവരെ നഷ്ടപരിഹാരം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്‍ഷുറന്‍സ് കമ്പനിക്ക് കൈമാറിയിട്ടില്ല. 2500 കോടിയോളം രൂപയ്ക്കാണ് വിമാനത്താവളം ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ കൊച്ചിയിലെ മാരിയറ്റ് ഹോട്ടല്‍, ചില മൊബൈല്‍ സേവനദാതാക്കള്‍, പെരുമ്പാവൂരുള്ള പ്ലൈവുഡ് ഫാക്ടറികള്‍, കാലടിയിലുള്ള അരി മില്ലുകള്‍ എന്നിവയുടെ നഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ന്യൂ ഇന്ത്യ അഷ്വറന്‍സ് അധികൃതര്‍ അറിയിച്ചു. ഭവനവായ്പയെടുത്ത വീടുകള്‍ സ്വാഭാവികമായി ഇന്‍ഷുര്‍ ചെയ്യപ്പെടുമെങ്കിലും കെട്ടിടത്തിന് മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ.

ആകെ 600 കോടിരൂപയുടെ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 7380 ക്ലയിമുകളിലായി 245 കോടിരൂപയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 491 ക്ലയിമുകളിലായി 35 ലക്ഷം രൂപ നല്‍കി.