ആപ്പിളിനുപുറകെ ആമസോണും ഒരുലക്ഷം കോടി ഡോളര്‍ ക്ലബില്‍

ഒരുലക്ഷം കോടി ഡോളര്‍ ക്ലബില്‍ ആപ്പിളിനുപുറകെ ആമസോണും. കഴിഞ്ഞ 15 മാസത്തിനിടെ ആമസോണിന്‍റെ ഓഹരിവില ഇരട്ടിയായതോടെയാണ് കമ്പനിയുടെ വിപണി മൂല്യം ഒരുലക്ഷം കോടി ഡോളര്‍ കടന്നത്. 

കഴിഞ്ഞമാസം രണ്ടാം തീയതിയായിരുന്നു ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്റെ വിപണിമൂല്യം ഒരു ലക്ഷം കോടി ഡോളറായത്. ഒരുലക്ഷം കോടി ഡോളര്‍ വിപണിമൂല്യം സ്വന്തമാക്കാന്‍ ആപ്പിള്‍ 38 വര്‍ഷമെടുത്തപ്പോള്‍ വെറും 21 വര്‍ഷംകൊണ്ടാണ് ആമസോണിന്റെ നേട്ടം. വിപണിയിലെ പ്രകടനം ഇതേരീതിയില്‍ തുടര്‍ന്നാല്‍ അടുത്ത ഏതാനും നാളുകള്‍ക്കുള്ളില്‍ ആമസോണ്‍ ആപ്പിളിനെ കടത്തിവെട്ടും. ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വ്യാപാരത്തിന്റെ സമസ്ത മേഖലകളിലേക്കും കടന്ന ആമസോണ്‍ ഓഹരിയുടമകളെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ലെന്നതാണ് വാസ്തവം. ഓണ്‍ലൈന്‍ വ്യാപാരത്തിനുപുറമേ പുറമെ വിഡിയോ സ്ട്രീമിങ്ങ് സേവനങ്ങളും ക്ലൗഡ് കംപ്യൂട്ടിങ് സേവനങ്ങളും കമ്പനിയുടെ വരുമാനം ക്രമാനുഗതമായി വളരാന്‍ സഹായിച്ചു.

 1980ലാണ് ആപ്പിള്‍ സ്ഥാപിതമായതെങ്കിലും ഐ ഫോണ്‍ നിര്‍മാണമാരംഭിച്ചതിനുശേഷം മാത്രമാണ് കമ്പനി ഓഹരിവിപണിയിലേക്ക് കടക്കുന്നത്. അതായത് 25 കൊല്ലത്തിനുശേഷം. ഓണ്‍ലൈന്‍ ബുക്ക് റീട്ടെയ്ല്‍ വ്യാപാരമായി, ജെഫ് ബിസോസ് 1994ല്‍ തുടങ്ങിയ ആമസോണ്‍ മൂന്നുകൊല്ലത്തിനുള്ളില്‍ തന്നെ ഓഹരിവിപണിയിലെത്തി. ഒന്നര ഡോളര്‍ വിലയുണ്ടായിരുന്ന ആമസോണ്‍ ഓഹരിക്ക് പത്തുകൊല്ലമായപ്പോഴേക്കും ആയിരം ഡോളറായി. പിന്നീട് പത്തുമാസത്തിനുള്ളില്‍ത്തന്നെ ഓഹരിവില ഇരട്ടിച്ചു. നിലവില്‍ 2035 ഡോളറാണ് ഒരു ആമസോണ്‍ ഓഹരിയുടെ വില.