ഒാണം ഒാഫറുകള്‍ നിലനിര്‍ത്തി വ്യാപാരികൾ; ഗൃഹോപകരണവില്‍പനയിൽ ഉണര്‍വ്

പ്രളയഭീതിയകന്നതോടെ സംസ്ഥാനത്ത് ഇലക്ട്രോണിക്സ് വിപണി മടങ്ങിവരുന്നു . ഗൃഹോപകരണവില്‍പനയിലും ഉണര്‍വ് കാണുന്നുണ്ട് . അത്യാവശ്യ ഉപകരണങ്ങള്‍  വാങ്ങാന്‍ പ്രളയബാധിതര്‍ക്ക്  പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും  വിപണിക്ക് പ്രതീക്ഷ പകരുന്നു.

എല്ലാം തകര്‍ന്നിടത്തു നിന്നുള്ള മടക്കം സാവധാനത്തിലാണെങ്കിലും പ്രതീക്ഷാ നിര്‍ഭരം. പ്രളയത്തിനുശേഷമുള്ള രണ്ടാം ആഴ്ച അവസാനിക്കുമ്പോള്‍ വിപണയില്‍ നിന്നുള്ള കാഴ്ച അതാണ്. പ്രളയത്തില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കടക്കം വന്‍നാശമാണ് സംസ്ഥാനത്തുണ്ടായത്. സാമ്പത്തിക ക്ലേശത്തിന്റെ നടുവില്‍ വിപണിയും പിന്നോട്ടുപോകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അത്യാവശ്യം വേണ്ട ഗൃഹോപകരണങ്ങള്‍ക്കും ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറുകയാണ് . വലിയ ബ്രാന്‍ഡുകളിലേക്ക് പോകാതെ ശരാശരിവരുമാനക്കാര്‍ക്ക് താങ്ങാവുന്ന വിലയിലുള്ള ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാരേറി. 20,000ത്തില്‍ താഴെയുള്ള ടെലിവിഷന്‍ റഫ്രിജറേറ്റര്‍ വാഷിങ് മിഷ്യന്‍ എന്നിവയ്ക്കാണ് ഡിമാന്‍ഡ. വിപണിയിെല ഉണര്‍വ് മുന്നില്‍ കണ്ട് ഒാണം ഒാഫറുകള്‍ നിലനിര്‍ത്തിയിരിക്കുകയാണ് മിക്ക  വ്യാപാരികളും. 

പുനിര്‍നിര്‍മാണത്തിന്റെ ഭാഗമായി ഗൃഹോപകരണങ്ങള്‍ക്ക് പലിശരഹിത വായ്പയടക്കമുള്ള  സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളും വിപണിക്ക് ഗുണം ചെയ്യുമന്നാണ് പ്രതീക്ഷ. മാത്രമല്ല വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച ഉല്‍പന്നങ്ങള്‍ക്ക് സൗജന്യ സര്‍വീസ് മിക്ക ഗൃഹോപകരണ വ്യാപാര ശൃംഖലകളും വാഗ്ദാനം ചെയ്യുന്നുണ്ട്.