കേരള ഖാദിയുടെ സഖാവ് ഷർട്ടിന് കണ്ണൂരിൽ വൻ സ്വീകാര്യത

പ്രളയത്തിൽ ഓണവിപണി തകർന്നെങ്കിലും കേരള ഖാദിയുടെ സഖാവ് ഷർട്ടിന് കണ്ണൂരിൽ വൻ സ്വീകാര്യത. ആലപ്പുഴയിൽ നിന്നെത്തിച്ച ഷർട്ടുകൾ മുഴുവൻ കണ്ണൂരിൽ വിറ്റ് തീർന്നു. ജനങ്ങൾ ആഘോഷങ്ങൾ കുറച്ചതോടെ ഖാദി ബോർഡിന്റെ ആകെയുള്ള വരുമാനത്തിലും ഇടിവുണ്ടായി. 

എണ്ണൂറ് സഖാവ് ഷർട്ടുകളാണ് കണ്ണൂരിൽ വിൽപനയ്ക്കായി കൊണ്ടുവന്നത്. ഒന്നുപോലും ബാക്കിയില്ല. പ്രളയക്കെടുതി മൂലം കൂടുതൽ ഷർട്ടുകളെത്തിക്കാനും സാധിച്ചില്ല.

മൂന്നര കോടി രൂപ ആകെ വരുമാനം പ്രതീക്ഷിച്ചാണ് ഖാദി ബോർഡ് കണ്ണൂരിൽ മേള തുടങ്ങിയത്. എന്നാൽ രണ്ടു കോടി മാത്രമാണ് ലഭിച്ചത്. പക്ഷേ ഇത്തവണ പുതിയതായി വിപണിയിലിറക്കിയ ജീൻസ് തുണി, കുപ്പടം സാരി, ലേഡീസ് ടോപ് എന്നിവയ്ക്ക് ധാരാളം ആവശ്യക്കാരെത്തി. ബെംഗാൾ ഖാദി ബോർഡിൽനിന്നു കൊണ്ടുവന്ന ത്രീഡി സിൽക് സാരിയും വിറ്റുതീർന്നു.