അമേരിക്ക–ചൈന വ്യാപാര യുദ്ധം അവസാനിക്കുന്നില്ല; 1600 കോടി ഡോളറിന്റെ ഉല്‍പന്നങ്ങള്‍ക്ക് പുതുതായി നികുതി

അമേരിക്ക–ചൈന വ്യാപാര യുദ്ധത്തിനുള്ള സാധ്യതകള്‍ വീണ്ടും തെളിയുന്നു. രണ്ടുദിവസമായി നടന്നുവന്ന, ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥരുടെ ചര്‍ച്ച കാര്യമായ പുരോഗതിയുണ്ടാക്കാതെ അവസാനിച്ചു. 1600 കോടി ഡോളറിന്റെ ഉല്‍പന്നങ്ങള്‍ക്കാണ് അമേരിക്കയും ചൈനയും പുതുതായി നികുതിയേര്‍പ്പെടുത്തുന്നത്. 

വ്യാപാര യുദ്ധ സാധ്യതകള്‍ ഉടലെടുത്ത ശേഷം ഇതാദ്യമായാണ് അമേരിക്കയുടെയും ചൈനയുടെയും ഉദ്യോഗസ്ഥര്‍ നേര്‍ക്കുനേര്‍ ചര്‍ച്ചയ്ക്കെത്തുന്നത്. അമേരിക്കന്‍ ട്രഷറി അണ്ടര്‍ സെക്രട്ടറി ഡേവിഡ് മാല്‍പാസ്, ചൈനീസ് കൊമേഴ്സ് വൈസ് മിനിസ്റ്റര്‍ വാങ്ങ് ഷൂവെന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് കൂടിക്കാഴ്ച നടത്തിയത്. ബൗദ്ധിക സ്വത്തവകാശം, സാങ്കേതികതാ കൈമാറ്റം തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആശയ വിനിമയം നടത്തി. എന്നാല്‍, തങ്ങളുന്നയിച്ച അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ക്ക് ചൈന പരിഹാരമൊന്നും ഉന്നയിക്കുന്നില്ലെന്ന് ചര്‍ച്ചയ്ക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളത്തില്‍ അമേരിക്കന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. 

അതേസമയം, അമേരിക്കയുടെ പുതിയ നികുതിയെക്കുറിച്ച് ലോകവ്യാപാര സംഘടനയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ചൈന പറഞ്ഞു. അയ്യായിരം കോടിയോളം രൂപയുടെ ഇറക്കുമതിക്കാണ് ഇരു രാജ്യങ്ങളും നികുതിയേര്‍പ്പെടുത്തുന്നത്. ഓരോ പതിനായിരം കോടിയുടെ ഇറക്കുമതിക്കും നികുതി ബാധകമാക്കുന്നതുവഴി ലോക വ്യാപാരത്തിന്റെ അര ശതമാനം നഷ്ടമാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. അതിനിടെ, ചൈനീസ് ഇറക്കുമതിക്ക് അമേരിക്ക  25 ശതമാനം അധിക നികുതിയേര്‍പ്പെടുത്തിത്തുടങ്ങി. സെമികണ്ടക്ടറുകള്‍, പ്ലാസ്റ്റിക്ക്, രാസവസ്തുക്കള്‍, റയില്‍വേ ഉപകരണങ്ങള്‍ എന്നിവയടക്കമുള്ള 279 ഉല്‍പന്നങ്ങള്‍ക്കാണ് നികുതി. കല്‍ക്കരി, ചെമ്പ് സ്ക്രാപ്പ്, ഇന്ധനം, സ്റ്റീല്‍, ബസുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ അടക്കമുള്ള 333 അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ചൈനയും നികുതി പ്രഖ്ര്യാപിച്ചിട്ടുണ്ട്.