കോഴിക്കോട് സ്ത്രീകളൊരുക്കിയ ഓൺലൈൻ വിൽപ്പനമേള ശ്രദ്ധേയമായി

ഒാണ്‍ലൈന്‍ ബിസിനസ് രംഗത്ത് സജീവമായ സ്ത്രീകള്‍  ഒത്തുചേര്‍ന്നൊരുക്കിയ വില്‍പ്പനമേള ശ്രദ്ധേയമായി. കോഴിക്കോട് നടക്കാവിലാണ് ഫാഷന്‍ ലോകത്തെ പുതിയ വിസ്മയങ്ങളും, രുചിവൈവിധ്യങ്ങളുമായി സ്ത്രീ സംരംഭകരെത്തിയത്. 

 നൂതനവും വ്യത്യസ്തവുമായ വസ്ത്രങ്ങള്‍, സൗന്ദര്യ സംരക്ഷണത്തിനുള്ള ഉല്‍പന്നങ്ങള്‍, നല്ല രുചിക്കൂട്ടുകള്‍ ഇങ്ങനെ നീളുന്നു മേളയിലെ കാഴ്ചകള്‍. ഒാണ്‍ലൈന്‍ സാധ്യതകളെ പൂര്‍ണമായും പ്രയോജനപ്പെടുത്തിയ വനിതാ സംരംഭകരാണ് ഒാണത്തിന് മുന്നോടിയായി ഒരു പ്രദര്‍ശനമൊരുക്കിയത്. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നാല്‍പ്പതു സ്ത്രീകളാണ് വിപണിയിലെ പുതിയ ട്രെന്‍ഡുകളുമായി കോഴിക്കോടെത്തിയത്. 

പൂര്‍ണമായും സ്ത്രീ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയ സ്റ്റാളുകളാണ് മേളയിലുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും കണ്ടും കേട്ടും നിരവധിപേര്‍ ഇഷ്ടപ്പെട്ടതെല്ലാം  വാങ്ങാനെത്തി.  ആഘോഷവേളകളില്‍ പ്രദര്‍ശനമേള വിവിധയിടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സ്ത്രീ സംരംഭകരുടെ തീരുമാനം.