രൂപയ്ക്ക് മൂല്യത്തകര്‍ച്ച തന്നെയായിരിക്കുമെന്ന് റിപ്പോര്‍ട്ട്

ആഗോള വ്യാപാരമേഖലയിലെ അസ്വസ്ഥതകളും എണ്ണവില ഉയരുന്നതും മൂലം രൂപയുടെ മൂല്യം ഇനിയും കുറയുമെന്ന്  റിപ്പോര്‍ട്ട്. റോയിട്ടേഴ്സ് നടത്തിയ സര്‍വെയിലാണ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലെത്തുമെന്ന് വിലയിരുത്തിയത്.  

അടുത്ത ഒരു വര്‍ഷത്തേക്ക് രൂപയ്ക്ക് മൂല്യത്തകര്‍ച്ച തന്നെയായിരിക്കുമെന്നാണ് റോയിട്ടേഴ്സ് സര്‍വേയില്‍ പറയുന്നത്. രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ പാതയിലായിട്ടും രൂപ കഴിഞ്ഞയാഴ്ച റെക്കോര്‍ഡ് താഴ്ചയിലെത്തി. ഡോളറിന്റെ മൂല്യം 69 രൂപയും കടന്നിരുന്നു. നിലവില്‍ ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറന്‍സിയുമാണ്. ഇക്കൊല്ലം ഇതേവരെ രൂപയ്ക്ക് ഏഴുശതമാനത്തിലേറെ മൂല്യമിടിഞ്ഞു. ഉയരുന്ന എണ്ണവില കാരണം രാജ്യം കറന്‍റ് അക്കൗണ്ട് കമ്മിയുടെ ഭീഷണിയിലുമാണ്. അമേരിക്കന്‍ എണ്ണ അവധി വില 13 ശതമാനം ഉയര്‍ന്നുനില്‍ക്കുന്നു. ആവശ്യമുള്ള എണ്ണയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയ്ക്ക് കറന്‍റ് അക്കൗണ്ട് കമ്മി നികത്താന്‍ ഇന്ത്യയ്ക്കാകില്ലെന്ന് റോയിട്ടേഴ്സ് സര്‍വെയില്‍ പങ്കെടുത്ത പകുതിയിലധികംപേരും അഭിപ്രായപ്പെട്ടു. സര്‍െവയില്‍ പങ്കെടുത്ത 46 വിദഗ്ധരില്‍  45 ശതമാനംപേര്‍  രൂപ മുന്നേറുമെന്ന് വിലയിരുത്തി.