ലൈറ്റ് മെട്രോ പദ്ധതികൾക്ക് പുതുജീവൻ, പുതിയ ഏജൻസി ഉടൻ

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് വീണ്ടും ജീവന്‍ വയ്ക്കുന്നു. ഡി.എം.ആര്‍.സി പിന്‍മാറിയ സാഹചര്യത്തില്‍ പുതിയ ഏജന്‍സിയെ കണ്ടെത്താന്‍ കേരള റെയില്‍ ട്രാന്‍സിറ്റ് കോര്‍പറേഷന്‍ ലിമിറ്റഡിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പുതിയ ഏജന്‍സിക്കായി ടെന്‍ഡര്‍ വിളിക്കാനാണ് തീരുമാനം.

വിശദമായ രൂപരേഖ സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലായിരുന്നു സംസ്ഥാനസര്‍ക്കാരിന് ലൈറ്റ് മെട്രോ പദ്ധതികളില്‍ താല്‍പര്യമില്ലെന്ന് കുറ്റപ്പെടുത്തി ഡി.എം.ആര്‍.സി പിന്‍മാറിയത്. പദ്ധതി തന്നെ ഉപേക്ഷിച്ചോ എന്ന ആശങ്കകള്‍ക്കിടെയാണ് നാലുമാസത്തിനുശേഷം കരാര്‍ നല്‍കാന്‍ കെ.ആര്‍.ടി.എലിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഡി.എം.ആര്‍.സി സമര്‍പ്പിച്ച പുതുക്കിയ ഡി.പി.ആര്‍. പരിശോധിക്കാന്‍ ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ പരിശോധന അന്തിമഘട്ടത്തിലാണ്. 

സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനമെടുത്ത് കേന്ദ്രസര്‍ക്കാരിന് അയക്കും. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുടെ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ വിളിക്കും.  ലൈറ്റ് മെട്രോയ്ക്കു മുന്നോടിയായി നിർമിക്കുന്ന മേൽപ്പാലങ്ങളുടെ നിർമാണത്തിനുള്ള നടപടികളും തുടരും. തിരുവനന്തപുരത്ത് ശ്രീകാര്യം, ഉള്ളൂർ, പട്ടം എന്നിവിടങ്ങളിലെ മേൽപ്പാലങ്ങൾ ഡിഎംആർസിയുടെ രൂപരേഖയുടെ അടിസ്ഥാനത്തിൽ തന്നെ നിര്‍മിക്കും. ശ്രീകാര്യത്തെ മേൽപ്പാലത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള നോട്ടീസ് ഉടൻ നൽകും. ഉള്ളൂരിലെ മേൽപ്പാതയുടെ സാമൂഹികാഘാതപഠനത്തിന് ഏജൻസിയെ നിശ്ചയിച്ചു. പട്ടം മേൽപ്പാലത്തിന്റെ പുതുക്കിയ രൂപരേഖയ്ക്ക് ഉടൻ അംഗീകാരം ലഭിക്കും. സ്ഥലമെടുക്കല്‍ നടപടിക്ക് സമാന്തരമായി ടെന്‍ഡര്‍ നടപടിക്രമങ്ങളും മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം.