ട്രാന്‍സ്ഫോര്‍മർ നിര്‍മാണത്തിലൂടെ വിജയം കൊയ്ത് വനിത സംരംഭക

അധികമാരും എന്നുതന്നെയല്ല മാതൃകയായി മറ്റൊരുവനിതയെ ചൂണ്ടിക്കാണിക്കാന്‍ കഴിയാത്ത ഒരു മേഖല. പതിനൊന്ന് കെ.വി. ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മറുകളുടെ നിര്‍മാണത്തിലൂടെ സംരംഭകയായി മാറിയ കൊച്ചിക്കാരിയായ വനിത. ഇരുപത്തിയെട്ടുവര്‍ഷമായി ഈ മേഖലയില്‍ സജീവമാണ് ലേഖ ബാലചന്ദ്രന്‍.

ലേഖ ബാലചന്ദ്രന്‍ . ആലുവ വ്യവസായ മേഖലയിലെ റെസിടെക് ഇലക്ട്രിക്കല്‍സ് എന്ന ട്രാന്‍സ്ഫോര്‍മര്‍ നിര്‍മാണ കമ്പനി ലേഖയുടേതാണ്. കയ്യില്‍ കേവലമൊരു ബി.ടെക് ബിരുദവുമായി ഇരുപത്തിയെട്ടുവര്‍ഷം മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 1989ലാണ് ഈ മേഖലയിലേക്ക് ലേഖ കടന്നുവരുന്നത്.  വ്യവസായ സൗഹൃദമല്ലാതിരുന്ന കേരളത്തില്‍ ഒരു സ്ത്രീ തുടങ്ങിയ സംരംഭത്തിന് പ്രതീക്ഷിച്ചതിനുമപ്പുറം തടസങ്ങളുണ്ടായിരുന്നു. തോറ്റുകൊടുക്കാന്‍ പണ്ടേ താല്‍പര്യമില്ലാതിരുന്ന ലേഖ പടിപടിയായി ഉയര്‍ന്നു.

ട്രാന്‍സ്ഫോര്‍മറുകള്‍ നിര്‍മിക്കുന്ന കമ്പനി വര്‍ഷങ്ങള്‍ക്കുമുന്‍പേ തുടക്കമിട്ടെങ്കിലും ഏഴുവര്‍ഷം മുന്‍പാണ് റെസിടെക് എന്ന ബ്രാന്‍ഡിങ്ങിലേക്ക് എത്തിയത്. 100 കെ.വി.എ മുതല്‍ 2000 കെ.വി.എ വരെയുള്ള ട്രാന്‍സ്ഫോര്‍മറുകള്‍. രണ്ട് ലക്ഷം മുതല്‍ ഇരുപതുലക്ഷംരൂപ വരെയാണ് ഇവയുടെ വില. ഫ്ളാറ്റ് സമുച്ചയങ്ങളില്‍ തുടങ്ങി സംസ്ഥാന വൈദ്യുതി ബോര്‍‍ഡും ജല അതോറിറ്റിയുമടക്കമാണ്  ഉപഭോക്താക്കള്‍ .

കുടുംബം കുട്ടികള്‍ അങ്ങനെ സ്വാഭാവികമായി പ്രഫഷണല്‍ ബിസിനസ് രംഗങ്ങളില്‍ ഒരു സ്ത്രീ പിന്നാക്കമാകുന്നതിന് ചൂണ്ടിക്കാണിക്കപ്പെടുന്ന സാഹചര്യങ്ങളിലും യാഥാര്‍ഥ്യങ്ങളിലൂടെയു മൊക്കെയാണ് ലേഖയും കടന്നുവന്നത്. അതിനുമപ്പുറം ഒരു സംരംഭകയെന്ന നിലയില്‍ തരണംചെയ്യേണ്ടിവന്ന തടസങ്ങളും നിരവധി.