ഡോളറിനെതിരായ വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

ഡോളറിനെതിരായ വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. വ്യാപാരത്തിനിടെ ഇതാദ്യമായി ഡോളറിന്റെ മൂല്യം 69 രൂപ കടന്നു. ഇന്ത്യയുടെ വികസന പദ്ധതികള്‍ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ധനകാര്യവിദഗ്ധര്‍. കഴിഞ്ഞ ദിവസത്തേക്കാള്‍ 28 പൈസ കുറഞ്ഞ് 68 രൂപ 89 പൈസയിലാണ് കറന്‍സി വ്യാപാരം ആരംഭിച്ചത്.  പിന്നീട് 49 പൈസ കൂടി കുറഞ്ഞ് 69 രൂപ 10 പൈസയിലേക്കെത്തി. ഇക്കൊല്ലം ഇതേവരെ രൂപയുടെ മൂല്യം ഇടിഞ്ഞത് എട്ടുശതമാനത്തോളം. ക്രൂഡോയിലിന്റെ വില കൂടുന്നതും അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാര യുദ്ധത്തിനുള്ള സാധ്യത തെളിയുന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ബാങ്കുകളിലും ഇറക്കുമതി മേഖലയിലും ഡോളറിന്റെ ഡിമാന്‍ഡ് കൂടിയതോടെ ഡോളര്‍ ശക്തി പ്രാപിക്കുകയായിരുന്നു. വളരെ ഉദാരമായ ഇറക്കുമതി നയമുള്ള ഇന്ത്യയെസംബന്ധിച്ചിടത്തോളം ഡോളര്‍ ശക്തിപ്രാപിക്കുന്നത് പ്രതികൂലമാണ്. 

2013 ഓഗസ്റ്റില്‍ ഡോളറിന്റെ മൂല്യം 69 രൂപയ്ക്കടുത്തെത്തിയിരുന്നു. അന്ന് കറന്റ് അക്കൗണ്ടിലുണ്ടായ കമ്മിയും വിദേശ കറന്‍സി ശേഖരം കൂടിയതുമായിരുന്നു കാരണങ്ങള്‍. എന്നാലിന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടെങ്കിലും ക്രൂഡോയില്‍ വില കുതിക്കുന്നത് പ്രിസന്ധി സൃഷ്ടിക്കുന്നു. ഏതായാലും, നാളെ പുറത്തുവരാനിരിക്കുന്ന ധനക്കമ്മി സംബന്ധിച്ചുള്ള ഡാറ്റയാണ് വിപണി വിദഗ്ധരും നിക്ഷേപകരും ഉറ്റുനോക്കുന്നത്.