ക്ഷേമ പെൻഷനുകൾ സെപ്റ്റംബർ മുതൽ മാസം തോറും

ക്ഷേമപെന്‍ഷനുകള്‍ മാസം തോറും വിതരണം ചെയ്യാനുള്ള പദ്ധതി സെപ്റ്റംബറില്‍ തുടങ്ങും. മാസം 600 കോടിരൂപയാണ് ക്ഷേമപെന്‍ഷനുകളുടെ വിതരണത്തിന് വേണ്ടിവരുന്നത്. സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് തികഞ്ഞില്ലെങ്കില്‍ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ രൂപീകരിക്കുന്ന കമ്പനി കടമെടുക്കും.     

ക്ഷേമ പെന്‍ഷനും സാമൂഹ്യസുരക്ഷാപെന്‍ഷനും പ്രത്യേക കമ്പനി രൂപീകരിച്ച് മാസം തോറും വിതരണം ചെയ്യാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഈ കമ്പനിയുടെ രൂപീകരണം ഉടന്‍ പൂര്‍ത്തിയാകും. ഓണത്തിന് അതുവരെയുള്ള കുടിശിക തീര്‍ത്തശേഷം എല്ലാമാസവും ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാനാണ് തീരുമാനം. ധനമന്ത്രി ചെയര്‍മാനും ധനകാര്യസെക്രട്ടറി എം.ഡിയുമായി രൂപീകരിക്കുന്ന കമ്പനിയില്‍ തദ്ദേശഭരണമന്ത്രിയും സെക്രട്ടറിയും അംഗങ്ങളാകും. 

ക്ഷേമപെന്‍ഷനുകള്‍ കൊടുക്കുന്നതിന് സര്‍ക്കാര്‍ തന്നെ വായ്പയെടുത്താല്‍ അത് പബ്ലിക് അക്കൗണ്ട് ഫണ്ടില്‍ വരും. സര്‍ക്കാരിന് വായ്പയെടുക്കാവുന്ന തുകയുടെ പരിധി അത്രയും കുറയും. എന്നാല്‍ കമ്പനി വായ്പയെടുക്കുമ്പോള്‍ ആ കടം കമ്പനിയുടെ കണക്കിലേ വരൂ. സര്‍ക്കാരിന്റെ വായ്പാപരിധിയെ ബാധിക്കില്ല. ചുരുക്കത്തില്‍ വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കാതെ കടമെടുത്ത് പെന്‍ഷന്‍ നല്‍കാമെന്നതാണ് ധനവകുപ്പിന്റെ കണക്കുകൂട്ടല്‍.