സംസ്ഥാനത്ത് കൈത്തറി ബ്രാന്‍ഡുണ്ടാക്കും: മന്ത്രി എ.സി.മൊയ്തീൻ

സംസ്ഥാനത്ത് കൈത്തറി ബ്രാന്‍ഡുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നു മന്ത്രി എ.സി.മൊയ്തീന്‍. സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ കൊണ്ട് കൈത്തറിമേഖലയിലെ തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തു നടന്ന നെയ്ത്തുല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വകുപ്പുകളുടെ കൂട്ടായ്മയിലൂടെ കൈത്തറിയെ പുനരുജ്ജീവിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനുള്ള ഉദാഹരണമാണ് സ്കൂള്‍ യൂണിഫോം കൈത്തറിയാക്കാനെടുത്ത തീരുമാനത്തിനു പിന്നിലെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ വിവിധങ്ങളായ സഹകരണ സംഘങ്ങളാണ് നെയ്ത്തുല്‍സവത്തില്‍ പങ്കാളികളായത്. വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ തൊഴിലാളികളുടെ മക്കള്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. നെയ്ത്തുല്‍സവത്തോടനുബന്ധിച്ച് വിവിധ കൈത്തറി ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു‌.