സജി ബഷീര്‍ നല്ല ഉദ്യോഗസ്ഥനല്ല; തിരിച്ചെടുത്തത് കോടതിയലക്ഷ്യം ഭയന്ന്: മന്ത്രി

കെല്‍പാം മാനേജിങ് ഡയറക്ടറായി സര്‍ക്കാര്‍ തിരിച്ചെടുത്ത സജി ബഷീര്‍ നല്ല ഉദ്യോഗസ്ഥനല്ലെന്ന് വ്യവസായമന്ത്രി എ.സി.മൊയ്തീന്‍. വിജിലന്‍സ് കേസുകളില്‍ പ്രതിയായ സജി ബഷീറിനെ തിരിച്ചെടുത്തത് കോടതി അലക്ഷ്യം ഭയന്നാണെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ വിജിലന്‍സ് കേസിന്റെ രേഖകള്‍ ഹൈക്കോടതിയില്‍  ഹാജരാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതാണ് സജി ബഷീറിന് അനുകൂലമായതെന്ന് ആരോപണം ഉയര്‍ന്നു.  

സിഡ്കോ എം.എഡിയായിരിക്കെ നടത്തിയ അഴിമതിയടക്കം ഒട്ടേറെ കേസുകളില്‍ വിജിലന്‍സ് അന്വേഷണം നേരിട്ടുന്ന ഉദ്യോഗസ്ഥനാണ് സജി ബഷീര്‍.  ഇ.പി.ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ സര്‍വീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സജി ബഷീര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തിരിച്ചെടുക്കാന്‍ ഉത്തരവായതും വ്യവസായ വകുപ്പിലെ തന്നെ കെല്‍പാമിന്റെ എം.ഡിയായി ഇന്നലെ തിരിച്ചെടുത്തതും. കോടതി ഉത്തരവ് കൊണ്ട് തിരിച്ചെടുത്തെങ്കിലും എം.ഡിയെ തള്ളുന്ന നിലപാടാണ് വകുപ്പ് മന്ത്രിക്കുള്ളത്. 

അതേസമയം അന്വേഷണം നടന്ന് വരുന്ന വിജിലന്‍സ് കേസുകളുടെ ഫയലുകള്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഹാജരാക്കിയില്ലെന്നും അതാണ് സജി ബഷീറിനെ തിരിച്ചെടുക്കാനുള്ള ഉത്തരവിന് വഴിവച്ചതെന്നും ആക്ഷേപം ശക്തമായി. കേസ് നടത്തിപ്പില്‍ വീഴ്ച അന്വേഷിക്കുമെന്നും സജി ബഷീറിനെതിരായ കേസ് ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ഏറ്റവും അപ്രധാന ചുമതലയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.