ഭെല്ലിന് പിന്തുണയുമായി സംസ്ഥാന സർക്കാർ

പ്രവർത്തന മൂലധനമില്ലാതെ നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനം ഭെല്ലിന് പിന്തുണയുമായി സംസ്ഥാന സർക്കാർ. സ്വകാര്യ കമ്പനികളുടെ ഓർഡറുകള്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ ഭെല്ലിന് സര്‍ക്കാര്‍ അനുമതി നല്‍കി.  ടാറ്റയുടെ ഇലക്ട്രിക്ക് കാറിന്റെ നിര്‍മ്മാണമടക്കമുള്ള ജോലികളാകും ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുക.

ഏഴുവര്‍ഷം മുമ്പാണ് സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെല്ലിനെ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് എന്ന നവരത്ന കമ്പനിയില്‍ ലയിപ്പിച്ചത്. 51 ശതമാനം ഓഹരിയും കൈമാറി. ഭെല്ലിൽ നിന്ന് വൻനിക്ഷേപം പ്രതീക്ഷിച്ചായിരുന്നു ഈ നീക്കം. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ ഈ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. മൂലധനമില്ലാതെ ഓ‍ർഡറുകൾ നഷ്ടപ്പെട്ടു. 30 കോടിരൂപയുടെ ഓര്‍ഡറാണ് നിലവില്‍ കമ്പനിക്കുള്ളത്. എന്നാല്‍ ഇത് യഥാസമയം നടപ്പാക്കുന്നതിനുള്ള പണമില്ലാത്തതാണ് പ്രശ്നം. ഇതോടെയാണ് സംസ്ഥാന സർക്കാറിന്റെ ഇടപെടലുണ്ടായത്.

നിലവിൽ റയിൽവേയ്ക്കാവശ്യമായ ഡീസൽ എഞ്ചിനുകളാണ് പ്രധാനമായും ഇവിടെ നിർമ്മിക്കുന്നത്. മറ്റു സ്വകാര്യ ഓർഡറുകളും സ്വീകരിക്കുന്ന വിധം കമ്പനിയെ മാറ്റാനുള്ള നീക്കമാണ് വ്യവസായ വകുപ്പിന്റെ ഭാഗത്തു നിന്നുള്ളത്. ഭെല്ലില്‍ നിന്ന് സ്ഥാപനത്തെ മോചിപ്പിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലാണ്. താല്‍ക്കാലിക സഹായമായി സര്‍ക്കാര്‍ അഞ്ചുകോടി രൂപ നല്‍കി.

പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിനും മേൽനോട്ടത്തിനുമായി സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ ജോലിസ്ഥിരതയടക്കം തൊഴിലാളികളുടെ ആശങ്കയും വഴിമാറുമെന്നാണ് പ്രതീക്ഷ.