പെട്രോൾ വില 80 കടന്നു: മൂന്നു രൂപ കൂടി വർധിക്കാൻ സാധ്യത: നടുവൊടിഞ്ഞ് കേരളം

കേരളത്തില്‍ തുടര്‍ച്ചയായ എട്ടാംദിവസവും ഇന്ധനവില കൂടി. എട്ടുദിവസം കൊണ്ട് പെട്രോളിന് ഒരു രൂപ 96 പൈസയും ഡിസലിന് രണ്ടുരൂപ 16 പൈസയുമാണ് കൂടിയത്. ഇനിയും മൂന്നുരൂപ കൂടി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. അതേസമയം സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കുമെന്ന് പെട്രോളിയം മന്ത്രി പറഞ്ഞു.  

പെട്രോളിന് 34 പൈസയും  ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 80 രൂപ 73 പൈസയും ഡീസലിന് 73 രൂപ65 പൈസയുമായി വില. കൊച്ചിയില് പെട്രോളിന് 79രൂപ 29 പൈസയും ഡീസലിന് 72 രൂപ 22 പൈസയും . കോഴിക്കോട് പെട്രോളിന് 79 രൂപ 66 പൈസ, ഡീസലിന് 72 രൂപ 66 പൈസ. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും ഇന്ധനവില റെക്കോര്‍ഡിട്ടു. കഴിഞ്ഞ 16 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഡല്‍ഹിയിലെ ഇന്ധനവില. 

കര്‍ണാടക തിരഞ്ഞെടുപ്പുകാലത്ത് 19 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധനവിലയാണ് ഇപ്പോള്‍ കുതിച്ചു കയറുന്നത്. ക്രൂഡോയില്‍ വിലയിലുണ്ടായ വര്‍ധന കണക്കാക്കുമ്പോള്‍ അഞ്ചു രൂപവരെ കൂടുമെന്നാണ് സൂചന. ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചതിനാല്‍ ക്രൂഡോയില്‍ വില വര്‍ധിക്കുന്നതാണ് കാരണമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. താമസിയാതെ തന്നെ ഈ സാഹചര്യത്തിന് പരിഹാരം കാണുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യയുടെ ക്രൂഡോയില്‍ ഇറക്കുമതി പ്രധാനമായും സൗദി അറേബ്യയില്‍ നിന്നാണ്. ക്രൂഡോയില്‍ വില ഇനിയും വര്‍ധിപ്പിക്കരുതെന്ന് സൗദിയോട് ആവശ്യപ്പെട്ടതായി പെട്രോളിയം മന്ത്രി അറിയിച്ചു.