ആഗോള സാമ്പത്തിക രംഗത്ത് നിയന്ത്രണങ്ങളുമായി വത്തിക്കാൻ

ആഗോള സാമ്പത്തിക രംഗത്ത് കൂടുതല്‍ നിയന്ത്രണങ്ങളുണ്ടാകണമെന്ന് വത്തിക്കാന്‍. സാമ്പത്തിക മാന്ദ്യങ്ങള്‍, ധാര്‍മികതയുടെയും നീതിയും‌ടെയും ആവശ്യകതയാണ് സൂചിപ്പിക്കുന്നതെന്നും വത്തിക്കാന്‍ അഭിപ്രായപ്പെട്ടു. 

അമേരിക്ക ഉള്‍പ്പെടെ ചില രാജ്യങ്ങള്‍ വിപണി നിയന്ത്രണങ്ങള്‍ എടുത്തുകളയാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് വത്തിക്കാന്റെ ഇടപെടല്‍. 2008ലെ സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ബാങ്കിങ് നിയന്ത്രണങ്ങവില്‍ അയവുവരുത്താനാണ് ട്രംപ് ഭരണകൂടം ആലോചിക്കുന്നത്. ജനനന്മ മുന്നില്‍ക്കാണാതെ  ലാഭം മാത്രം ലക്ഷ്യമിട്ടുള്ള നയരൂപീകരണത്തെ നിയമവിരുദ്ധം എന്ന് വത്തിക്കാന്‍ പുറത്തിറക്കിയ സന്ദേശത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. സ്വാര്‍ഥത നിറഞ്ഞ ലാഭേച്ഛ  അംഗീകരിക്കാനാവില്ല.  വ്യവസായ മാലിന്യം  കോടിക്കണക്കിന് ജനതയെ തടവറയിലാക്കുകയും ഏകാധിപതികളെ വളര്‍ത്തുകയും ചെയ്യുന്നു. സാമ്പത്തിക ഭീകരാവസ്ഥ സൃഷ്ടിക്കുന്ന രീതികളെ നിശിതമായി വിമര്‍ശിച്ചു. മനുഷ്യ സമൂഹത്തിന്റെ നല്ലൊരു വിഭാഗത്തിന്റെ ലൗകിക ജീവിതം വിപണികളെ ആശ്രിയിച്ചാണെന്നതിനാല്‍ ധാര്‍മികതയില്‍ അടിസ്ഥാനമായ നയങ്ങള്‍ അത്യന്താപേക്ഷിതമാണ്. പട്ടിണിയില്‍ ജീവിക്കുന്നവരെ സഹായിക്കുന്നതിന് ധാര്‍മികത ആവശ്യമാണെന്ന് സന്ദേശം അടിവരയിടുന്നു. 15 പേജുള്ള സന്ദേശത്തില്‍ ക്രെഡിറ്റ് സ്റ്റോക്ക്, ഹൈ ഫ്രീക്വന്‍സി ട്രേഡിങ്, അവധിവ്യാപാരം, ബാങ്കിതര വായ്പകള്‍ തുടങ്ങിയ സാങ്കേതിക പദങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. വത്തിക്കാന്‍ കാര്യാലയവും വത്തിക്കാനിലെ മാനവവികസന വിഭാഗവും ചേര്‍ന്നാണ് സന്ദേശം തയ്യാറാക്കിയത്. ലോകമെമ്പാടുമുള്ള നൂറുകോടിയിലേറെ കത്തോലിക്കന്‍ വിശ്വാസികള്‍ക്കും പള്ളികള്‍ക്കുമുള്ള ഔദ്യോഗിക നിര്‍േദശങ്ങളാണ് വത്തിക്കാന‍് പുറപ്പെടുവിക്കുന്ന സന്ദേശങ്ങള്‍.