സിഎന്‍ജി വാഹങ്ങള്‍ക്ക് ടാക്സി പെര്‍മിറ്റ് നൽകുന്നില്ല; വാഹന ഉടമകൾ വലയുന്നു

സിഎന്‍ജിയിലോടുന്ന വാഹങ്ങള്‍ക്ക് ടാക്സി പെര്‍മിറ്റ് റജിസ്ട്രേഷന്‍ ലഭിക്കാത്തതിനാല്‍ വാഹന ഉടമകള്‍ വലയുന്നു. കേരളത്തിലെ മോട്ടോര്‍ വാഹനച്ചട്ടപ്രകാരം പച്ചയും മഞ്ഞയും നിറത്തിലിറങ്ങുന്ന സിഎന്‍ജി വാഹങ്ങള്‍ക്ക് ടാക്സി പെര്‍മിറ്റ് നല്‍കാനാവില്ലെന്നതാണ് തടസം. സിഎന്‍ജി വാഹങ്ങള്‍ വാങ്ങിയവര്‍  മാസാമാസം ഉയര്‍ന്ന തുക നല്‍കി താല്‍കാലിക പെര്‍മിറ്റ് എടുക്കേണ്ടസ്ഥിതിയാണ് ഇപ്പോഴുള്ളത്. 

ഒരു കിലോ സിഎന്‍ജിയുടെ വില നാല്‍പത്തിയേഴ് രൂപ, ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77 രൂപ. കുതിച്ചുയരുന്ന ഇന്ധനവിലയില്‍ നിന്ന് മാത്രമല്ല അന്തരീക്ഷ മലിനീകരണത്തിനും ശ്വാശത പരിഹാരമെന്ന നിലയിലാണ് സിഎന്‍ജി ഗ്യാസ് സ്റ്റേഷനുകള്‍ സ്ഥാപിച്ചത്. എറണാകുളം ജില്ലയിലെ നാല് പെട്രോള്‍ പമ്പുകളിലാണ് സിഎന്‍ജി സ്റ്റേഷനുകളുള്ളത്.  പക്ഷേ പമ്പുകളെല്ലാം നോക്കുകുത്തികളായിരിക്കുകയാണ്. സിഎന്‍ജി വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് ലഭിക്കാത്തതുതന്നെ കാരണം.

മലിനീകരണമുണ്ടാക്കാത്ത വാഹനമെന്ന നിലയില്‍  പച്ചയും മഞ്ഞയും നിറത്തിലാണ് ഇവ നിരത്തിലിറങ്ങുന്നത് . ഇത്തരം വാഹനങ്ങള്‍ക്ക് ടാക്സി പെര്‍മിറ്റ് നല്‍കാന്‍ സംസ്ഥാനത്തെ മോട്ടോര്‍വാഹന ചട്ടം അനുവദിക്കുന്നില്ല.  പെര്‍മിറ്റ് ലഭിക്കാത്തതുമൂലം വാഹനങ്ങള്‍ നിരത്തിലിറങ്ങാത്തതിനാല്‍ സിഎന്‍ജി പമ്പുടമകളും പ്രതിസന്ധിയിലാണ് . പെട്രോള്‍ ഉപയോഗിച്ച് പതിമൂന്ന് കിലോമീറ്റര്‍ ഒാടുന്ന വാഹനങ്ങള്‍ക്ക് സിഎന്‍ജി ഉപയോഗിച്ച് മുപ്പത്തിയാറ് കിലോമീറ്റര്‍ വരെ ഒാടാന്‍ സാധിക്കും. സിഎന്‍ജി വാഹനങ്ങള്‍ക്കായി മോട്ടോര‍് വാഹനചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നാണ് വാഹനഉടമകളുടെ ആവശ്യം.