തൊഴില്‍ നിരക്ക് നിലനിര്‍ത്തുവാൻ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കണം; ലോകബാങ്ക്

രാജ്യത്തെ തൊഴില്‍ നിരക്ക് നിലനിര്‍ത്തണമെങ്കില്‍ ഒരു വര്‍ഷം 81 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്ന് ലോകബാങ്ക്. നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യ 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഉദ്യോഗാര്‍ഥികളുടെ എണ്ണവും തൊഴിലവസരങ്ങളും താരതമ്യം ചെയ്തുള്ളതാണ് തൊഴില്‍ നിരക്ക്. ഓരോ മാസവും 13 ലക്ഷത്തോളം പുതിയ ഉദ്യോഗാര്‍ഥികളാണ് രാജ്യത്തുണ്ടാകുന്നതെന്ന് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷത്തില്‍ 81 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചാലേ ഈ ഡിമാന്‍ഡിനനുസരിച്ച് തൊഴില്‍ നല്‍കാനാകൂ. സ്ത്രീ തൊഴിലാളികള്‍ കുറയുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. വളര്‍ച്ച കൊണ്ടുമാത്രം തൊഴില്‍ നിരക്ക് നിലനിര്‍ത്താനാകില്ല. രണ്ടുവര്‍ഷത്തിലൊരിക്കല്‍ പുറത്തിറങ്ങുന്ന സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.  

2017ല്‍ 6.7 ശതമാനമായിരുന്ന വളര്‍ച്ച ഇക്കൊല്ലം 7.3 ഉം അടുത്ത രണ്ടുകൊല്ലം 7.5ഉം ആകുമെന്ന് കണക്കാക്കുന്നു. എന്നാല്‍ നിക്ഷേപം പ്രോല്‍സാഹിപ്പിക്കാനും ആഗോള വളര്‍ച്ചയുടെ നേട്ടം കൊയ്യാന്‍ കയറ്റുമതി മെച്ചപ്പെടുത്താനും ബോധപൂര്‍വമായ ശ്രമമുണ്ടാകണം. അതേസമയം, നോട്ട് നിരോധനത്തിന്റെയും ജിഎസ്ടി നടപ്പാക്കിയതിന്റെയും പ്രതിസന്ധികളെ രാജ്യം തരണം ചെയ്തു കഴിഞ്ഞെന്ന് ലോകബാങ്ക് വ്യക്തമാക്കി.