വിമർശനങ്ങൾ കുറിക്കുകൊണ്ടു; മിനിമം ബാലൻസ് പിഴ കുറച്ച് എസ്ബിഐ

മിനിമംബാലൻസ് ഇല്ലാത്തതിൻറെ പേരിൽ ഉപഭോക്താക്കളിൽനിന്ന് എസ്ബിഐ ഈടാക്കുന്ന പിഴകുറച്ചു. എഴുപത്തിയഞ്ച് ശതമാനംവരെയാണ് കുറവുവരുത്തിയത്. പുതിയ നിരക്കിനു പുറമെ ജിഎസ്ടിയും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കും. ബാങ്കിനെതിരെ കടുത്തവിമർശനങ്ങള്‍ ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം. 

മെട്രോ നഗരങ്ങളിലെ ശാഖകളിൽ അക്കൗണ്ടുളളവർക്ക് മാസം 3000രൂപ ബാലൻസില്ലെങ്കിൽ നൽകേണ്ടിയിരുന്നത് 50രൂപ. ഇത് 15ആക്കി കുറച്ചു. ഇതിന്റെ പതിനെട്ട് ശതമാനം ജിഎസ്ടി അടക്കം പതിനേഴ് രൂപ എണ്‍പത് പൈസ അടയ്ക്കണം. 2000 രൂപ ഇല്ലാത്ത ചെറുപട്ടണങ്ങളിലെ അക്കൗണ്ടുടമകൾ നൽകേണ്ട പിഴതുക 12രൂപ. ജിഎസ്ടി അടക്കം 14 രൂപ 16 പൈസ. നേരത്തെയിത് 40ആയിരുന്നു. 1000രൂപ നീക്കിയിരുപ്പില്ലാത്ത ഗ്രാമപ്രദേശങ്ങളിലെ ഉപഭോക്തക്കൾ നൽകേണ്ടിയിരുന്ന 40ഉം പത്താക്കി കുറച്ചു. 

പിഴതുകയ്ക്ക് പുറമേ ജിഎസ്ടിയും നൽകണം. രാജ്യത്തെ ഏറ്റവുംവലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ തീരുമാനം ശരാശരി 25കോടി ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടും. മിനിമംബാലൻസ് ഇല്ലാത്തതിൻറെ പേരിൽ, കഴിഞ്ഞ എട്ടുമാസത്തിനിടെ എസ്ബിഐ ഈടാക്കിയത് 1771കോടിരൂപയാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്നാണ് സാധാരണക്കാരായ ഉപഭോക്താക്കളെ ബാങ്ക് കൊള്ളയടിക്കുകയാണെന്ന തരത്തില്‍ വിമർശനംകടുത്തത്. ഇതാണ് ബാങ്കിനെ പിഴഈടാക്കുന്നതിൽ കുറവുവരുത്താൻ പ്രേരിപ്പിച്ചത്. അടുത്തമാസം ഒന്നുമുതൽ പുതിയനിരക്കുകൾ പ്രാബല്യത്തിൽവരും. ഇതിനുപുറമെ സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ അടിസ്ഥാന സേവിങ്ങ്സ് ബാങ്ക് അക്കൗണ്ടുകളാക്കി മാറ്റുന്നതും സൗജന്യമാക്കി. അടിസ്ഥാന സേവിങ്ക് ബാങ്ക് അക്കൗണ്ടിലേക്ക് മാറുന്നതിലൂടെ മിനിമം ബാലന്‍സ് ഇല്ലാതെതന്നെ സേവിങ്ക്സ് ബാങ്ക് സൗകര്യങ്ങള്‍ ഉപഭോക്താവിന് ലഭ്യമാകും.  എസ്ബിഐയ്ക്ക് 41 കോടി എസ്ബി അക്കൗണ്ടുകളാണുള്ളത്. വിവിധ പദ്ധതികള്‍ വഴി ഇതില്‍ 16 കോടി അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് നിബന്ധന ബാധകമല്ല.