എയർ ഇന്ത്യയ്ക്ക് സർകാർ നൽകാ‌നുള്ള കുടിശിക 325 കോടി രൂപ

നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയ്ക്ക് കുടിശികയിനത്തില്‍ സര്‍ക്കാര്‍ നല്‍കാനുള്ളത് 325 കോടി രൂപ. വിവിഐപികളുടെ വിദേശ യാത്രയ്ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ നല്‍കിയ ഇനത്തിലാണ് കുടിശ്ശിക. 

വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയ രേഖകളിലാണ് കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ള കുടിശികയുടെ വിവരം പുറത്തുവന്നത്. ഇതനുസരിച്ച് കഴിഞ്ഞ ജനുവരി 31 വരെ വിവഐപി ചാര്‍ട്ടേഡ് ഫ്ലൈറ്റ് ലഭ്യമാക്കിയ ഇനത്തില്‍ 325 കോടി 81 ലക്ഷം രൂപ. ഇതില്‍ എണ്‍പത്തിനാല് കോടി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കുടിശികയും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശ യാത്രകള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ലഭ്യമാക്കുന്നത് എയര്‍ ഇന്ത്യയാണ്. കൊമേഴ്സ്യല്‍ ജെറ്റ് വിമാനങ്ങള്‍ പരിഷ്കരിച്ചാണ് വിവിഐപികള്‍ക്ക് നല്‍കുന്നത്. പ്രതിരോധ വകുപ്പ്, വിദേശകാര്യ വകുപ്പ്, പ്രധാനമന്ത്രിയുടെ ഓഫിസ്, ക്യാബനിറ്റ് സെക്രട്ടേറിയറ്റ് എന്നിവയാണ് ബില്ലുകള്‍ അടയ്ക്കേണ്ടത്. ആകെയുള്ള കുടിശികയില്‍ 179 കോടി രൂപയും വിദേശകാര്യ വകുപ്പാണ് നല്‍കാനുള്ളതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫിസ് 129 കോടി രൂപ നല്‍കണം. ആകെ ആയിരത്തി നാല് കോടി രൂപ നല്‍കാനുണ്ടായിരുന്നെന്നു മാര്‍ച്ചിനുമുന്‍പായി അറുനൂറ്റി എഴുപത്തിയെട്ട് കോടി നല്‍കിയെന്നും രേഖകളില്‍ പറയുന്നു. എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ സജീവമായിരിക്കെ, കുടിശിക സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നത് ശ്രദ്ധേയമാണ്.