രാജ്യത്തെ ആഭ്യന്തരവിമാന യാത്രികരുടെ എണ്ണത്തില്‍ വര്‍ധന

രാജ്യത്തെ ആഭ്യന്തരവിമാന യാത്രികരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ലോകരാജ്യങ്ങളില്‍ വച്ച് ആഭ്യന്തര വിമാനയാത്രയില്‍ ഏറ്റവും വളര്‍ച്ച കൈവരിക്കുന്നത് ഇന്ത്യയാണെന്ന് അയാട്ടയുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.  

രാജ്യത്തിനകത്തുള്ള വിമാനയാത്രയില്‍ ലോക ശരാശരിയേക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യക്കാരെന്ന പുതിയ കണക്കുകളാണ് രാജ്യാന്തര വിമാന സര്‍വീസുകളുടെ അസോസിയേഷനായ അയാട്ട നിരത്തുന്നത്. കഴിഞ്ഞ ജനുവരിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആഭ്യന്തര യാത്രികര്‍ 17.9 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ 41 മാസങ്ങളായി രണ്ടക്ക വളര്‍ച്ചയാണ് ഇന്ത്യയില്‍ രേഖപ്പെടുത്തുന്നത്. ആഗോള തലത്തിലാകട്ടെ വളര്‍ച്ച കൈവരിച്ചത് വെറും 5.1 ശതമാനം മാത്രം. ഡിസംബറിലെ ഏഴു ശതമാനത്തില്‍ നിന്ന് കുറഞ്ഞു. യാത്രക്കാര്‍ക്കുള്ള സീറ്റുകളുടെ എണ്ണത്തിലും അതിവഗ വളര്‍ച്ചയാണ് ഉണ്ടായത്. 16.7 ശതമാനം. സീറ്റുകള്‍ വര്‍ധിച്ചതനുസരിച്ച് ഉപഭോഗവും കൂടിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ സീറ്റുകളുടെ എണ്‍പത്തിയൊമ്പത് ശതമാനവും യാത്രക്കാര്‍ ഉപയോഗിച്ചു. ഇതേകാലയളവില്‍ ചൈനയുടെ ആഭ്യന്തര വിമാന യാത്ര 6.6 ശതമാനവും റഷ്യയുടേത് 7.9 ശതമാനവും വളര്‍ച്ച കൈവരിച്ചു.