കിഫ്ബിയുടെ തലപ്പത്തുള്ളവര്‍ക്ക് ലക്ഷങ്ങളുടെ ശമ്പളം

കിഫ്ബിയുടെ തലപ്പത്തുള്ളവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് ലക്ഷങ്ങളുടെ ശമ്പളം. കിഫ്ബി CEOയും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ.എം.ഏബ്രഹാമിന് 2.75 ലക്ഷം രൂപയും ചീഫ് പ്രൊജക്ട് എക്സാമിനര്‍ എസ്.ജെ.വിജയദാസിന് 2.30ലക്ഷം രൂപയുമാണ് പ്രതിമാസ ശമ്പളം. കിഫ്ബി പോലെയുള്ള ധനകാര്യ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ക്ക് ഇത്രയും ശമ്പളം നല്‍കുന്നതില്‍ തെറ്റില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട്. 

സംസ്ഥാനസര്‍ക്കാര്‍ സാമ്പത്തികപ്രതിസന്ധിയില്‍ പെട്ടുഴലുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരുടെ ശമ്പളവും ചര്‍ച്ചയാകുന്നത്. അടിസ്ഥാനസൗകര്യപദ്ധതികള്‍ക്ക് ഫണ്ട് നല്‍കാന്‍ ഇടതു സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ച കിഫ്ബിയുടെ തലപ്പത്തുള്ള ഉദ്യോഗസ്ഥര്‍ക്ക് മാസംതോറും ലക്ഷങ്ങളാണ് കയ്യില്‍ കിട്ടുന്നത്. മുന്‍ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമാണ് കിഫ്ബി സി.ഇ.ഒ. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം കരാര്‍ അടിസ്ഥാനത്തില്‍ മൂന്നുവര്‍ഷത്തേക്ക് പുനര്‍നിയമനം നടത്തി. 

ചീഫ് സെക്രട്ടറിസ്ഥാനത്തിരുന്ന് കെ.എം.ഏബ്രഹാം വാങ്ങിയ ശമ്പളത്തിലും കുറവാണ് ഇപ്പോഴത്തേതെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. കൊടുക്കുന്ന ശമ്പളം നോക്കിയല്ല, ആകെ ടേണോവറിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബിയുടെ ചെലവ് കൂടിയോ എന്ന് കണക്കാക്കുന്നതെന്നും ധനമന്ത്രി പറയുന്നു.