രാജ്യത്ത് ധനികരുടെ എണ്ണത്തിൽ ഇരുപത്തിയൊന്ന് ശതമാനം വളര്‍ച്ച

രാജ്യത്ത് ധനികരുടെ എണ്ണം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇരുപത്തിയൊന്ന് ശതമാനം കണ്ട് വളര്‍ന്നെന്ന് റിപ്പോര്‍ട്ട്. ആഗോളതലത്തിലേതിനേക്കാള്‍ ഇരട്ടിയിലധികമാണിതെന്ന് നൈറ്റ് ഫ്രാങ്ക് വെല്‍ത്ത് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ ലോകത്തെ ധനികരായ വനിതകളുടെ ഫോബ്സ് പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് എട്ടുപേര്‍ ഇടംപിടിച്ചു. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം  മുപ്പതുകോടിയിലധികം രൂപയുടെ ആസ്തിയുള്ളവര്‍ ഇന്ത്യയില്‍ നാല്‍പത്തിയേഴായിരത്തി എഴുനൂറ്റിയിരുപതുപേര്‍ ഉണ്ടെന്നാണ് ഇക്കൊല്ലത്തെ നൈറ്റ് ഫ്രാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്. വളര്‍ച്ച ഇരുപത്തിയൊന്ന് ശതമാനം. ആഗോള തലത്തില്‍ വെറും ഒന്‍പതുശതമാനം മാത്രം വളര്‍ച്ചയുണ്ടായപ്പോഴാണ് ഇന്ത്യയിലെ ഈ കണക്ക്. ഏഷ്യയിലാകട്ടെ ധനകരുടെ വളര്‍ച്ച പതിനാല് ശതമാനം. അടുത്ത അഞ്ചുകൊല്ലം കൊണ്ട് ധനികരുടെ വളര്‍ച്ച ഇന്ത്യയില്‍ 71 ശതമാനമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യല്‍ 61 ഉം ആഗോളതലത്തില്‍ 43ഉം ശതമാനം മാത്രമായിരിക്കും ഇത്. മുപ്പതിനായിരം കോടി രൂപയിലധികം ആസ്തിയുള്ള ഇന്ത്യകാരില്‍ വളര്‍ച്ച 18 ശതമാനമാണ്. ആഗോളതലത്തില്‍ 11 ഉം ഏഷ്യയില്‍ 18 ശതമാനം. 2022 ആകുമ്പോഴേക്കും 340 ഇന്ത്യക്കാര്‍ക്ക് മുപ്പതിനായികം കോടി രൂപയിലധികം ആസ്തിയുണ്ടാകുും. 

ലോകത്തെ ധനികരുടെ നഗരങ്ങളില്‍ മുംബൈയ്ക്ക് നാല്‍പത്തിയേഴാം സ്ഥാനമാണുള്ളത്. ജീവിതച്ചെലവേറിയ 20 നഗരങ്ങളുടെ പട്ടികയിലും മുംബൈ ഉണ്ട്. അതിനിടെ ധനികരായ വനിതകളുടെ ഫോബ്സ് പട്ടികയില്‍ എട്ട് ഇന്ത്യന്‍ വനിതകള്‍ ഇടംപിടിച്ചു. പ്രമുഖ വ്യവസായികളായ ജിന്‍ഡാല്‍ കുടുംബത്തില്‍ നിന്നുള്ള സാവിത്രി ജിന്‍ഡാല്‍ നൂറ്റിയെഴുപത്താറാം സ്ഥാനത്താണ്. അന്‍പത്തിരണ്ടായിരം കോടി രൂപയാണ് അവരുടെ ആസ്തിി. ബയോകോണ്‍ ഉടമ കിരണ്‍ മജുംദാര്‍ അറുനൂറ്റി ഇരുപത്തിയൊന്‍പതാം സ്ഥാനത്തും ഗോദ്റെജ് കുടുംബത്തില്‍ നിന്നുള്ള സ്മിത ക്രിഷ്ണ 822ആം സ്ഥാനത്തുമാണ്.