പെട്രോ ക്രിപ്റ്റോ കറന്‍സി വ്യാപാരവുമായി വെനസ്വേല സര്‍ക്കാര്‍

എണ്ണയും മറ്റ് പ്രകൃതി വിഭവങ്ങളും അടിസ്ഥാനപ്പെടുത്തിയുള്ള ക്രിപ്റ്റോ കറന്‍സി വ്യാപാരത്തിന് വെനസ്വേല സര്‍ക്കാര്‍ തുടക്കം കുറിച്ചു. അറുപത് അമേരിക്കന്‍ ഡോളറാണ് പെട്രോ എന്നു പേരിട്ടിരിക്കുന്ന ക്രിപ്റ്റോ കറന്‍സിയുടെ വില. ലോകത്ത് ഇതാദ്യമായാണ് എതെങ്കിലുമൊരു സര്‍ക്കാര്‍ ‍‍ഡിജിറ്റല്‍ കറന്‍സി വ്യാപാരത്തിന് തുടക്കം കുറിക്കുന്നത്. 

എണ്ണ, പ്രകൃതിവാതകം, സ്വര്‍ണം, ഡയമണ്ട് എന്നിവയില്‍ വ്യാപാരം നടത്തുന്ന ഡിജിറ്റല്‍ കറന്‍സിയാണ് പെട്രോ. വെനസ്വേല സര്‍ക്കാര്‍ ഇന്നലെ ആരംഭിച്ച പെട്രോ ക്രിപ്റ്റോ കറന്‍സി മുന്‍കൂര്‍ വില്‍പന അടുത്തമാസം ഇരുപത് വരെ തുടരും. ആകെ നൂറുകോടി കറന്‍സികള്‍ വിതരണം ചെയ്യാനാണ് പദ്ധതി. ഇതില്‍ നൂറ്റിയെഴുപത്തിയാറ് ലക്ഷം കറന്‍സികള്‍ വെനസ്വേല സര്‍ക്കാര്‍ കൈവശം വയ്ക്കും. അടുത്ത ഏപ്രില്‍ മുതല്‍ പൊതുവിപണിയില്‍ കറന്‍സി വ്യാപാരം തുടങ്ങുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

വെനസ്വേലന്‍ കറന്‍സിയായ ബോലിവറിന്റെ വിലയിടിവുമൂലമുണ്ടായ സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് രക്ഷ നേടുന്നതിനായാണ് ക്രിപ്റ്റോ കറന്‍സി വ്യാപാരത്തിലേക്ക് സര്‍ക്കാര്‍ കടന്നത്. എന്നാല്‍ ആഗോള നിക്ഷേപകര്‍ വെര്‍ച്വല്‍ കറന്‍സിയെ എത്രമാത്രം സ്വീകരിക്കും എന്നത് കണ്ടറിയണം. 

ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങള്‍ ക്രിപ്റ്റോ കറന്‍സി വ്യാപാരം ഊഹക്കച്ചവടമാണെന്ന് പ്രഖ്യാപിക്കുകയും, നിയമപരമായ നടപടികളിലേക്ക് നീങ്ങുകയും ചെയ്യുമ്പോഴാണ് ലോകത്താദ്യമായി ഒരു സര്‍ക്കാര്‍ നേരിട്ട് ക്രിപ്റ്റോ കറന്‍സി വ്യാപാരത്തിലേക്ക് കടക്കുന്നത്.