ചാറ്റിങ് മാത്രമല്ല, വാട്സാപ് വഴി ഇനി പണവും!

വാട്സാപ് ഇനി ചാറ്റിങ്ങിനും വിഡിയോ കോളിങ്ങും ചിത്രങ്ങളും വിഡിയോകളും അയക്കുന്നതിനും മാത്രമല്ല ഇനി പണവും കൈമാറാം.  റിസർവ് ബാങ്കിന്റെ പിന്തുണയോടെ നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നടപ്പാക്കിയ യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ) വഴിയാണു സേവനം ലഭ്യമാക്കുന്നത്. വെറും അഞ്ച് മിനിറ്റു കൊണ്ടു ബാങ്ക് അക്കൗണ്ട് വാട്സാപ് അക്കൗണ്ടുമായി യുപിഐ മുഖേന ബന്ധിപ്പിക്കാൻ ഉപഭോക്താവിനു സാധിക്കും. ചാറ്റ് ചെയ്യുന്നതിനൊപ്പം ചിത്രങ്ങളും വീഡിയോകളും അയയ്ക്കുന്നതുപോലെ പണം അയയ്ക്കാനും വാങ്ങാനും കഴിയും.

മറ്റ് പേയ്മെന്റ് വോലറ്റുകളിൽ നിന്നു വ്യത്യസ്തമായി യുപിഐയിൽ പണം ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും നേരിട്ടു വിനിമയം ചെയ്യപ്പെടുക. ഇന്റർനെറ്റ്/മൊബൈൽ ബാങ്കിങ്ങിനായി അക്കൗണ്ട് നമ്പർ, ഐഎഫ്എസ്‍സി കോഡ് തുടങ്ങിയവ നൽകണമെങ്കിൽ ഇവിടെ ആകെ ആവശ്യമുള്ളതു പണം ലഭിക്കേണ്ട വ്യക്തിയുടെ ഫോൺ നമ്പർ മാത്രമാണ്. സേവനം ഇൻവൈറ്റ് വഴി നിലവിൽ ഈ സേവനം നിശ്ചിത ഉപഭോക്താക്കൾക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ സേവനമുള്ളയാൾക്കു മറ്റൊരാളെ ഇൻവൈറ്റ് ചെയ്താൽ അയാൾക്കും പേയ്മെന്റ് സൗകര്യം ലഭിക്കും. ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഉൾപ്പെടെ അടുത്തഘട്ടത്തിലേ ലഭ്യമാകൂ. 

എങ്ങനെ പണം അയക്കാം? 

നിങ്ങളുടെ വാട്സാപ് ഏറ്റവും പുതിയ വേർഷനിലേക്ക്( വേർഷൻ  2.18.46.) അപ്ഡേറ്റ് ചെയ്യുക. നിലവിൽ സേവനം ലഭിക്കുന്ന വ്യക്തി നിങ്ങളെ ഇൻവൈറ്റ് ചെയ്താലുടൻ വാട്സാപ്പ് സെറ്റിങ്സ് മെനുവിൽ ‘പേയ്മെന്റ്സ്’ (Payments) എന്ന ടാബ് ദൃശ്യമാകും. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറുള്ള ഫോണിൽ തന്നെയാണു വാട്സാപ് ഉള്ളതെന്ന് ഉറപ്പാക്കുക. ആഡ് ന്യൂ അക്കൗണ്ട് (Add New Account) എന്ന മെനുവിലൂടെ നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക. 

നിങ്ങളുടെ നമ്പറിൽ നിന്ന് ബാങ്ക് സെർവറിലേക്ക് ഒരു എസ്എംഎസ് സന്ദേശം പോകുകയും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ദൃശ്യമാകുകയും ചെയ്യും. അക്കൗണ്ട് തിരഞ്ഞെടുക്കുന്നതോടെ ആദ്യഘട്ടം പൂർത്തിയാകും. പേയ്മെന്റ് സൗകര്യം ലഭ്യമായ മറ്റൊരാളുടെ ചാറ്റ് തുറന്ന് ചിത്രങ്ങളും മറ്റും അറ്റാച്ച് ചെയ്യുന്ന ടാബിൽ പേയ്മെന്റ് എന്നൊരു ഓപ്ഷൻ കൂടി ദൃശ്യമാകും. ആദ്യമായതിനാൽ ഡെബിറ്റ്/ക്രഡിറ്റ് കാർഡിന്റെ അവസാന ആറക്ക നമ്പറും കാർഡിലുള്ള എക്സ്പയറി ഡേറ്റും നൽകുക.  തുടർന്ന് എസ്എംഎസ് ആയി ലഭിക്കുന്ന ഒടിപി (വൺ ടൈം പാസ്‌വേഡ്) നൽകുക. ആറക്കമുള്ള യുപിഐ പിൻ അഥവാ പാസ്‌വേഡ് നിർമിക്കുക. പണമിടപാടിന് ഈ പാസ്‌വേഡ് ആയിരിക്കും ഉപയോഗിക്കുന്നത്. 

ഇനി കൈമാറേണ്ട സംഖ്യ ടൈപ്പ് ചെയ്ത് അയയ്ക്കാം. ഉറപ്പാക്കാൻ ആദ്യം നൽകിയ യുപിഐ പിൻ കൂടി നൽകുന്നതോടെ പണം ഞൊടിയിടയിൽ സുഹൃത്തിന്റെ അക്കൗണ്ടിലെത്തും. ഭീം, ഗൂഗിൾ തേസ്, ഫോൺപേ പോലെയുള്ള യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് നിലവിലുള്ള യുപിഐ ഐഡി ഉപയോഗിച്ച് വാട്സാപ് പേയ്മെന്റ് നടത്താം. 

സുഹൃത്തിനെ ക്ഷണിക്കാൻ 

വാട്സാപ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുക. സുഹൃത്തിന്റെ ചാറ്റ് തുറന്ന് പേയ്മെന്റ് ഓപ്ഷൻ തുറന്നാലുടൻ ക്ഷണം സുഹൃത്തിനു പോയി എന്നർഥം. വാട്സാപ് സെറ്റിങ്സ് തുറന്നാൽ സുഹൃത്തിന് ‘പേയ്മെന്റ്സ്’ ടാബ് ലഭ്യമാകും.