500 രൂപയ്ക്ക് 4ജി ഫോണ്‍; 60 രൂപയ്ക്ക് വിളിയും ഡാറ്റയും: വീണ്ടും വരുന്നു ഡാറ്റാ വിപ്ലവം

ഏറ്റവും വിലകുറഞ്ഞ 4ജി സ്മാർട്ട്ഫോൺ വിപണിയിലിറക്കി ടെലികോം വിപണി ഒന്നടങ്കം പിടിച്ചെടുക്കാനുള്ള പദ്ധതിയുമായി റിലയൻസ് ജിയോ. ഇപ്പോൾ വോൾട്ട് ഫീച്ചർ ഫോണുകള്‍ക്ക് 800 രൂപയ്ക്ക് മുകളിൽ വില നൽകണം. എന്നാൽ ഇതിൽ കുറഞ്ഞ വിലയ്ക്ക് 4ജി ഫോൺ ഇറക്കിയാൽ ടെലികോം വിപണി അതിവേഗം പിടിച്ചെടുക്കാൻ കഴിയുമെന്നാണ് ജിയോ അധികൃതരുടെ പ്രതീക്ഷ. 

നിലവിൽ എയർടെൽ, വോഡഫോൺ, ഐഡിയ കമ്പനികൾ മറ്റു ഫോൺ ബ്രാൻഡുകളുമായി ചേർന്ന് കുറഞ്ഞ വിലയ്ക്ക് 4ജി ഫോൺ വില്‍ക്കുന്നുണ്ട്. എന്നാൽ 500 രൂപയിൽ താഴെ വിലയുള്ള 4ജി ഫോൺ പുറത്തിറക്കാനാണ് ജിയോ പദ്ധതി. ഇതോടൊപ്പം ഒരു മാസത്തേക്ക് 60–70 രൂപ പ്ലാനിൽ വോയ്സ്, ഡേറ്റാ സേവനവും നല്‍കും. വിലകുറഞ്ഞ ഫോൺ നിർമിക്കാനായി ജിയോ ചില കമ്പനികളുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. 

രാജ്യത്തു ഡിജിറ്റൽ ശാക്തീകരണത്തിലെ അസമത്വം ഇല്ലാതാക്കുന്നതിനുള്ള ഡിജിറ്റൽ മുന്നേറ്റം ലക്ഷ്യമിട്ട് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് വലിയൊരു പദ്ധതിക്ക് തുടക്കമിട്ടു. മൊബൈൽ ഫോൺ സൗകര്യം  ഇനിയും പ്രാപ്യമാകാത്ത രാജ്യത്തെ അമ്പതു കോടി ജനങ്ങൾക്ക് കൂടി സമ്പൂർണ ഡിജിറ്റൽ സ്വാതന്ത്ര്യം ഉറപ്പു നൽകി കൊണ്ടുള്ള പദ്ധതിക്ക് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് തുടക്കമിട്ടു. 

ഡിജിറ്റൽ  മുന്നേറ്റത്തിന്റെ ഭാഗമായി ഓഫർ അവസാനിക്കും വരെ ഉപഭോക്താക്കൾക്ക്  സൗജന്യ നിരക്കിൽ റിലയൻസ് ജിയോ ഫോണുകൾ കരസ്ഥമാക്കാം.  ഇത്തരം ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ച ജിയോ ഫോണിനൊപ്പം 28 ദിവസത്തേക്ക് വെറും 49  രൂപയ്ക്കു പരിധിയില്ലാത്ത ഡേറ്റാ സൗകര്യമടക്കം സൗജന്യ ഫോൺ കോളുകളും നൽകുന്ന പാക്ക് റിപ്പബ്ലിക് ദിനം മുതൽ നിലവിൽ വന്നു കഴിഞ്ഞു.