2018ൽ ഇന്ത്യ ചൈനയെ സാമ്പത്തിക രംഗത്ത് കടത്തിവെട്ടുമെന്ന് ലോക ബാങ്ക്

2018 ൽ ഇന്ത്യ ചൈനയെ കടത്തി വെട്ടി സാമ്പത്തിക രംഗത്തു വൻ കുതിപ്പ് നേടുമെന്ന് ലോക ബാങ്ക്. ചൈന 6.8 ശതമാനം വളർച്ച കൈവരിക്കുമ്പോൾ നടപ്പ് വർഷം ഇന്ത്യ 7.4 ശതമാനം വളർച്ച നേടുമെന്ന് ഐ എം. എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റിൻ ലെഗാർഡ് ലോക ഇക്കണോമിക് ഫോറം വേദിയില്‍ പറഞ്ഞു. 

വികസ്വര രാജ്യങ്ങളില്‍ ഏറ്റവും മികച്ച വളർച്ച നേടുന്നത് ഇന്ത്യയായിരിക്കുമെന്ന് ലെഗാർഡ് പറഞ്ഞു. 2019ൽ ഇന്ത്യയുടെ വളര്‍ച്ച 7.8 ശതമാനമാകുമെന്നാണ് ഐ എം. എഫ് വിലയിരുത്തുന്നത്. ആഗോള നിക്ഷേപ രംഗത്ത് ഈ വർഷം ഇന്ത്യ ലോകത്ത് അഞ്ചാം സ്ഥാനത്താകും. കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്തായിരുന്നു. അമേരിക്ക , ചൈന, ജർമ്മനി, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ മാത്രമായിരിക്കും നിക്ഷേപ രംഗത്ത് ഇന്ത്യയേക്കാൾ മുന്നിൽ എന്ന് ഐ. എം. എഫ് കണക്കാക്കുന്നു. ഇന്ത്യക്ക് താഴെ ആറാം സ്ഥാനത്തായിരിക്കും ജപ്പാൻ. ആഗോള തലത്തിൽ സാമ്പത്തിക രംഗത്ത് ഈ വർഷവും അടുത്ത വർഷവും 3.9 ശതമാനം വളർച്ച ഉണ്ടാകുമെന്ന് ലെഗാര്‍ഡ് പറഞ്ഞു. എന്നാല്‍ സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല 

പൊതു കടം വര്‍ധിക്കുന്നത് മാന്ദ്യത്തെ ചെറുക്കാനുള്ള ശക്തിയില്ലാതാക്കും. അതിനാല്‍ മികച്ച സാമ്പത്തിക നയങ്ങള്‍ ആവിഷ്കരിക്കാന്‍ ലോക നേതാക്കളെ ലെഗാര്‍ഡ് ആഹ്വാനം ചെയ്തു