ഇന്ത്യൻ സമ്പത്തിന്റെ 73 ശതമാനവും സമ്പന്നരുടെ കയ്യിലെന്ന് സര്‍വേ

ഇന്ത്യയിലെ സമ്പത്തിന്റെ 73 ശതമാനവും കൈയാളുന്നത് ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന സമ്പന്നരെന്ന് സര്‍വേ ഫലം. ഓക്സ്ഫാം അവേഴ്സ് എന്ന് രാജ്യാന്തര സംഘടനയാണ് സര്‍വേ നടത്തിയത്. രാജ്യത്ത് ഉയര്‍ന്നു വരുന്ന വരുമാന അസമത്വത്തിന്റെ ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

ലോകമെമ്പാടുമുള്ള ധനികരുടെ സമ്മേളനത്തിന് മുന്നോടിയായിട്ടായിരുന്നു ഓക്സ്ഫാം സര്‍വേ. കഴിഞ്ഞ ഒരു വര്‍ഷത്തെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്താണ് ഇന്ത്യയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യയിലെ 67 കോടി ജനങ്ങ‍ളുടെയും വരുമാനം ഒരു ശതമാനം മാത്രമാണ് വര്‍ധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ മഹാ ഭൂരിപക്ഷവും സാധാരണക്കാരാണ്. വരുമാനത്തിന്റെ കാര്യത്തില്‍ രാജ്യത്ത് കനത്ത സാമ്പത്തിക അസമത്ത്വം നിലനില്‍ക്കുന്നു, ഇത്തരത്തില്‍ സമ്പത്ത് ജനസംഖ്യയുടെ ഒരു ചെറിയ വിഭാഗത്തിന്റെ പക്കല്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നത് ഭാവിയില്‍ ഗുരുതര പ്രതിസന്ധി ഉണ്ടാക്കുമെന്നും സര്‍വേ വിലയിരുത്തുന്നു. 2017ല്‍ മാത്രം 20.9 ലക്ഷം കോടി രൂപയാണ് സമ്പന്ന വിഭാഗത്തിന്റെ പക്കലുള്ള പണം, ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്ര ബജറ്റിന് തത്തുല്യമായ തുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം രാജ്യത്തെ കോടിപതികളുടെ പട്ടികയിലും ക്രമാതീതമായ വളര്‍ച്ചയുണ്ടായതായും സര്‍വേയില്‍ നിന്ന് വ്യക്തമാണ്. 17 ശതകോടീശ്വരന്‍മാരാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. ഇതോടെ രാജ്യത്താകെ ശതകോടീശ്വരന്‍മാരുടെ എണ്ണം 100 കടന്നു. 2010 മുതല്‍ പ്രതിവര്‍ഷം 13 ശതമാനം വളര്‍ച്ചയാണ് കോടിപതികളുടെ കാര്യത്തിലുണ്ടാവുന്നത്. ഒരു എ ക്ലാസ് സര്‍ക്കാര്‍ ജീവനക്കാരന്‍റെ ഒരു വര്‍ഷത്തെ വരുമാനം, ഗ്രാമപ്രദേശങ്ങളിലെ മിനിമം വേതനം കൈപ്പറ്റുന്ന ഒരു തൊഴിലാളിക്ക് സമ്പാദിക്കാന്‍ 941 വര്‍ഷങ്ങള്‍ വേണ്ടി വരുന്നു എന്നതും ഇന്ത്യയില്‍ നിലനില്‍ക്കുന്ന കടുത്ത സാമ്പത്തിക അസമത്വത്തിന്റെ അളവ് സൂചിപ്പിക്കുന്നു.