ഡീസൽ വില സർവകാല റെക്കോർഡിലേക്ക്

പെട്രോളിനൊപ്പം ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡും കടന്ന് കുതിക്കുകയാണ്. കോഴിക്കോട് 66 രൂപ 15 പൈസയാണ് ഇന്നത്തെ വില. കഴിഞ്ഞ ആറു മാസത്തിനിടെ ഒന്‍പത് രൂപയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. അനുദിനം കുതിച്ചുയരുകയാണ് ഇന്ധനവില. പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍. കഴിഞ്ഞ ഒരാഴ്ച്ചയില്‍ ഒരു രൂപ നാല്‍പ്പത്തി മൂന്ന് പൈസയാണ് ഡിസലിന് വര്‍ധിപ്പിച്ചത്. പെട്രോളിനാകട്ടെ ഒരു രൂപ എണ്‍പത്തിയേഴ് പൈസയും. അസംസ്കൃത എണ്ണയുടെ വില ഉയരുന്നുവെന്നാണ് വിലവര്‍ധനവിന് കാരണമായി എണ്ണ കമ്പനികൾ പറയുന്നത്. 

2014 മേയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്പോള്‍ അസംസ്കൃത എണ്ണയുടെ വില 120 ഡോളര്‍. അന്ന് ഡീസലിന്‍റെ വില 49 രൂപ. ഇന്ന് അസംസ്കൃത എണ്ണയുടെ വില എഴുപത് ഡോളര്‍. ഇപ്പോഴാകട്ടെ ഡീസലിന്‍റെ വില 66 രൂപയും. ഡീസല്‍ വിലവര്‍ധനവ് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയാകും ഏറ്റവും ഗുരുതരമായി ബാധിക്കുക. അരിയും പലവ്യഞ്ജനങ്ങളുമടക്കമുള്ള സാധനങ്ങള്‍ക്ക് ഇനിയും വില കൂടുമെന്നര്‍ഥം.