വിലക്കയറ്റം രൂക്ഷം; കേന്ദ്രത്തിന്‍റെ നിർണായക നീക്കം; ആശ്വാസം ഇങ്ങനെ

രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമായി തുടരുന്നതിനിടെ, ഇന്ധനവില കുറച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്. അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നതാണ് ഇന്ധനവില കുറയ്ക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്. പണപെരുപ്പവും വിലക്കയറ്റവും വർധിച്ച സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിർണായക നടപടി. പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസലിന്റെ ലീറ്റിന് ആറു രൂപയുമാണ് കുറച്ചത്. ഇതോടെ പെട്രോളിന്റെ വിലയിൽ ലീറ്ററിന് 9.50 രൂപയും ഡീസലിന്റെ വിലയിൽ ഏഴു രൂപയും കുറവു വരും. ഇരുമ്പിന്റെയും സ്റ്റീലിന്‍റെയും സിമന്റിന്റെയും വില കുറയ്ക്കാനും നടപടി. സിമിന്റിന്റെ ലഭ്യത കൂട്ടി വില കുറയ്ക്കും. സ്റ്റീലിന്റെ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കും. സ്റ്റീൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി തീരുവ ഏർപ്പെടുത്തും. 

പാചകവാതക സിലിണ്ടറിന് 200 രൂപ സബ്സിഡി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയില്‍പ്പെട്ടവര്‍ക്കാണ് ഇളവ്. ഒന്‍പത് കോടി ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു.