ഇന്ധനനികുതിയിൽ യാഥാര്‍ഥ്യം മറയ്ക്കുന്നു; മോദിക്കെതിരെ മമതയും ഉദ്ധവും

ഇന്ധനനികുതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യാഥാര്‍ഥ്യം മറച്ചുവയ്ക്കുന്നെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കൂടുതല്‍  സഹായം നല്‍കുന്നു. ജി.എസ്.ടി വരുമാനം  കൃത്യമായി പങ്കുവയ്ക്കുന്നില്ല. സംസ്ഥാനങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ വരുമാനം കുറവെന്നും മമത ബാനര്‍ജി പറഞ്ഞു.  കേന്ദ്രത്തിന്റേത് ചിറ്റമ്മനയമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും വിമർശിച്ചു.

ഇന്ധനനികുതി കുറയ്ക്കണമെന്ന  പ്രധാനമന്ത്രിയുടെ നിര്‍ദേശം തളളി കേരള സര്‍ക്കാരും രംഗത്തെത്തി.  കേരളം ആറുവര്‍ഷമായി ഇന്ധനനികുതി കൂട്ടിയിട്ടില്ല, അതിനാല്‍ കുറയ്ക്കില്ലെന്ന് കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.  പ്രധാനമന്ത്രി പറഞ്ഞത് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. പ്രധാനമന്ത്രിയെപ്പോലെ ഒരാള്‍ പ്രധാനപ്പെട്ട ഒരു യോഗത്തില്‍ ഇങ്ങനെ രാഷ്ട്രീയം പറയരുത്.  നികുതിയില്‍  42 ശതമാനം  സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നില്ല. സെസും സര്‍ചാര്‍ജും കേന്ദ്രസര്‍ക്കാര്‍ നേരിട്ടെടുക്കുകയാണെന്നും ധനമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഫെഡറലിസം തകര്‍ക്കാന്‍ നീക്കം. കേന്ദ്ര, സംസ്ഥാന ബന്ധങ്ങള്‍ തകര്‍ക്കാന്‍ നീക്കമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ആരോപിച്ചു. പെട്രോളിയം ഉല്‍പന്നങ്ങളില്‍ സെസും സര്‍ചാര്‍ജും പിരിക്കാന്‍ കേന്ദ്രത്തിന് അധികാരമില്ല. ബന്ധപ്പെട്ട വേദികളില്‍ പ്രതിഷേധം അറിയിക്കുമെന്നും ധനമന്ത്രി പറഞ്ഞു.