നിര്‍മാണസാമഗ്രികളുടെ വിലക്കയറ്റത്തിന്റെ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ ക്രഡായ്

നിര്‍മാണസാമഗ്രികളുടെ വിലക്കയറ്റത്തിന്റെ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ ഫ്ലാറ്റ് നിര്‍മാതാക്കളുടെ സംഘടനയായ ക്രഡായ്. പത്തുശതമാനത്തിലേറെ വിലക്കയറ്റമുണ്ടായാല്‍ വര്‍ധിച്ച ചെലവിന്റെ ഒരു ഭാഗം ഉപഭോക്താക്കള്‍ വഹിക്കണമെന്ന വ്യവസ്ഥ പുതിയ വില്ല, അപാര്‍ട്മെന്റ് പദ്ധതികളുടെ കരാറില്‍ ഉള്‍പ്പെടുത്താനാണ് ആലോചന. ഇതിന് റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ അനുമതി തേടും. 

സിമന്റും കമ്പിയും ഉള്‍പ്പടെ എല്ലാ നിര്‍മാണസാമഗ്രികളുടെയും വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നിര്‍മാണകമ്പനികള്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നത്. നിലവില്‍ വിറ്റഭവനപദ്ധതികളുടെ വിലയില്‍ മാറ്റംവരുത്താറില്ല. അവശേഷിക്കുന്ന അപാര്‍ട്മെന്റുകളുടെ വില കൂട്ടി അധികചെലവ് പരിഹരിക്കും. എന്നാല്‍ പുതിയ ഭവനപദ്ധതികളുടെ കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ വിലക്കയറ്റത്തിന്റെ ആഘാതം പങ്കുവയ്ക്കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്താനാണ് ആലോചന. 

റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമത്തിന്റെ അടിസ്ഥാനത്തില്‍ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി നിലവില്‍ വരുമ്പോള്‍ ഇക്കാര്യം ഉന്നയിക്കും. നിയമം ലംഘിക്കാത്തതരത്തില്‍ ഉപഭോക്താക്കളുമായി കരാര്‍ ഒപ്പിടുന്നു എന്ന് ഉറപ്പാക്കും. 

സംസ്ഥാനവ്യാപകമായി ഇരുനൂറോളം കെട്ടിടനിര്‍മാണ കമ്പനികള്‍ ക്രഡായില്‍ അംഗങ്ങളാണ്. നിര്‍മാണസാമഗ്രികളുടെ വിലക്കയറ്റം മൂലം സ്ക്വയര്‍ഫീറ്റിന് 150 രൂപവരെ നിര്‍മാണചെലവ് കൂടിയെന്ന് കമ്പനികള്‍ പറയുന്നു.