ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നത് വര്‍ധിപ്പിക്കാനുള്ള ബില്‍ അമേരിക്കന്‍ സഭയില്‍ അവതരിപ്പിച്ചു

അമേരിക്കന്‍ പൗരത്വമായ ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നത് നാല്‍പത്തിയഞ്ച് ശതമാനത്തോളം വര്‍ധിപ്പിക്കാനുള്ള ബില്‍ അമേരിക്കന്‍ ജനപ്രതിനിധിസഭയില്‍ അവതരിപ്പിച്ചു. ബില്‍ നിയമമായാല്‍ ഇന്ത്യക്കാരായ ടെക്കികള്‍ക്ക് ഏറെ പ്രയോജനകരമാകും. 

നിലവില്‍ വര്‍ഷത്തില്‍ ഒരു ലക്ഷത്തി ഇരുപതിനായിരം ഗ്രീന്‍ കാര്‍ഡുകളാണ് അമേരിക്ക അനുവദിക്കുന്നത്. ഇത് ഒരു ലക്ഷത്തി എഴുപത്തയ്യായിരമാക്കണമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. അമേരിക്കയുടെ ഭാവി സംരക്ഷണ നിയമം എന്ന ബില്ല് കൊണ്ടുവന്നത് ട്രംപ് ഭരണകൂടത്തിന്റെ പിന്തുണയോടെയെന്നത് ശ്രദ്ധേയമാണ്. നിലവിലെ കണക്കുപ്രകാരം അഞ്ചുലക്ഷത്തോളം ഇന്ത്യക്കാരാണ് അമേരിക്കന്‍ പൗരത്വത്തിനായി കാത്തുകിടക്കുന്നത്. പത്തുകൊല്ലത്തോളമായി ഗ്രീന്‍ കാര്‍ഡിനുവേണ്ടി അപേക്ഷിച്ചവരുമുണ്ട്. ഇവര്‍ക്കെല്ലാം ആശ്വാസമാകും പുതിയ നിയമം. അതേസമയം, കുടുംബത്തെ അമേരിക്കയിലേക്ക് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തിരിച്ചടിയാകുന്ന വ്യവസ്ഥകള്‍ അമേരിക്കയുടെ ഭാവി സംരക്ഷണ നിയമത്തിലുണ്ട്. ജീവിത പങ്കാളിയെയും കുട്ടികളെയും ഒഴിച്ചുള്ള ബന്ധുക്കള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കരുതെന്ന് ബില്ലിലുണ്ട്.