ആകാശ യാത്രയിൽ ഇന്ത്യൻ ചിറകുകള്‍ ഉയര്‍ന്നു പറക്കും; തൊഴിലവസരങ്ങൾ ഇരട്ടിയാകുമെന്നും വിദഗ്ദർ

2027 ഓടെ വ്യോമഗതാഗത മേഖലയിൽ ഇന്ത്യ മൂന്നാമത്തെ കമ്പോളമായി മാറുമെന്ന് വിദഗ്ദരുടെ വിലയിരുത്തൽ. പത്തു വർഷത്തിനകം ഈ മേഖലയിൽ 2.6 മില്യൺ തൊഴിലവസരങ്ങൾ  നേരിട്ടും അല്ലാതെയും സൃഷ്ടിക്കപ്പെടുമെന്നും സെന്റർ ഫോർ ഏഷ്യൻ പസഫിക് ഏവിയേഷൻ വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഭ്യന്തര വിമാന സർവീസിലുണ്ടായ വളർച്ചയ്ക്കു പുറമെ ഇന്ത്യൻ വ്യോമഗതാഗത മേഖലയ്ക്ക് ഊർജമാകുന്നതാണ് പുതിയ വാർത്തകൾ. 

2017 സാമ്പത്തിക വർഷത്തിൽ 1,97,309 പേരാണ് വ്യോമ ഗതാഗത മേഖലയിൽ ജോലി നോക്കുന്നത്. 2027 ൽ ഇത് 4,32,021 എണ്ണമായി മാറുമെന്നാണ് കണക്കുകള്‍. വിമാന പൈലറ്റുകളുടെ മേഖലയിലാണ് ഇന്ത്യയിൽ ഏറ്റവുമധികം അവസരങ്ങൾ ലഭ്യമാകുക. നിലവിൽ ഇന്ത്യയിൽ 6,772 പൈലറ്റുമാരുള്ളിടത്ത് 16,802 പൈലറ്റുമാരെയാണ് ആവശ്യമായി വരിക. ക്യാബിൻ ക്രൂ മേഖലയിൽ നിലവിലുള്ളതിന്റെ ഇരട്ടി തൊഴിലവസരങ്ങളും പ്രതീക്ഷിക്കാം. എഞ്ചിനീയറിങ് അവസരങ്ങൾ 34,972 എണ്ണമുണ്ടാകുമെന്നും സി.എ.പി.എ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

എയർപോർട്ട് ഓപ്പറേഷൻ മേഖലയിൽ രണ്ടു ലക്ഷത്തിലധികം തൊഴിലവസരങ്ങളും രൂപപ്പെടും.