ഇന്ത്യയിൽ 'വ്യവസായം അത്രയ്ക്ക് ഈസിയാണോ'- ചർച്ച കൊഴുക്കുന്നു

Picture Coutesy: freepressjournal

ലോകബാങ്കിൻറെ വ്യവസായ സൗഹൃദ മാനദണ്ഡപ്രകാരമുള്ള 'ഈസ് ഓഫ് ഡുയിങ് ബിസിനസ്' പട്ടികയില്‍ ഇന്ത്യ മുന്നേറ്റമുണ്ടാക്കിയ വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇന്ത്യയുടെസ്ഥാനം 130ൽനിന്ന് നൂറിലെത്തിയ വാർത്തയെ വ്യവസായികലോകം കയ്യടിച്ച് സ്വീകരിച്ചു. അതിൻറെ സ്വാധീനം ഇന്ത്യൻ ഓഹരിവിപണിയിൽ ചരിത്രനേട്ടമായി പ്രതിഫലിക്കുകയും ചെയ്യുന്നു. 

ഇതിനിടയിലാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പുതിയ "ഈസ് ഓഫ് ഡുയിങ് ' ചർച്ച പൊടിപൊടിക്കുന്നത്. ലോകബാങ്ക് റിപ്പോർട്ട്, എൻഡിഎ സർക്കാരിൻറെ മുന്നേറ്റമെന്ന് അവകാശപ്പെട്ട നരേന്ദ്രമോദിക്കും, അരുൺജയ്റ്റ്ലിക്കും മറുപടിയുമായി കോൺഗ്രസ്നേതാക്കൾ രംഗത്തെത്തിയതാണ് ചൂടേറിയചർച്ചയ്ക്ക് വഴിമരുന്നിട്ടത്.  

റിപ്പോർട്ട് പുറത്തെത്തിയശേഷം, ധനമന്ത്രി അരുൺജയ്റ്റ്ലിയും, പ്രധാനമന്ത്രി നരേന്ദ്രമോദിയും എൻഡിഎ സർക്കാരിൻറെ ചരിത്രപരമായ നേട്ടമാണിതെന്ന് അവകാശപ്പെട്ട് രംഗത്തെത്തി. കമ്പനി ആക്ടിൽവരുത്തിയ ഭേദഗതിയാണ് ഈസ് ഓഫ് ഡുയിങ് ബിസിനസ് പട്ടികയിൽ മുന്നേറ്റത്തിന് തുടക്കമിട്ടതെന്നും ജയ്റ്റ്ലി ട്വിറ്ററിൽകുറിച്ചു. 

എന്നാൽ, വിമർശനവുമായി രാഹുൽഗാന്ധി അടക്കമുളളവർ രംഗത്തെത്തിയതോടെ പോര് കടുത്തു. 'അത്ര ഈസിയൊന്നുമല്ല കാര്യങ്ങളെന്നത് എല്ലാവർക്കുമറിയാം. ജയ്റ്റ്ലിമാത്രം സ്വയംസന്തോഷിക്കട്ടെയെന്നും അദ്ദേഹം ട്വിറ്ററിൽ മറുപടികുറിച്ചു. 

ബിസിനസ് സൗഹൃദമെങ്കിൽ ഇന്ത്യയിലാരും അതിന് തുനിയാത്തതെന്തെന്നായിരുന്നു  കോൺഗ്രസ് നേതാവ് മനീഷ് തിവാരിയുടെ ചോദ്യം. ആഭ്യന്തരനിക്ഷേപം, ജിഡിപി തുടങ്ങിയ നിരക്കുകളെ കൂട്ടുപിടിച്ചായിന്നു തിവാരിയുടെ വിമർശനം. 

ഇതോടെ മറുപടിയമായി ജയ്റ്റ്ലി വീണ്ടുമെത്തി. അതിങ്ങനെ - 'യുപിഎ സർക്കാരിൻറെ കാലത്ത് അഴിമതി ഈസിയായിരുന്നു. എൻഡിഎ സർക്കാര്‍ വന്നശേഷം അതുമാറി, ബിസിനസ് ഈസിയാക്കി'. 

നേതാക്കളുടെ ചുവടുപിടിച്ച് "ഈസ് ഓഫ് ഡുയിങ്" ചർച്ച സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിട്ടുണ്ട്.