കേരളത്തില്‍ അഞ്ചുസീറ്റ് നേടും; ആവര്‍ത്തിച്ച് പ്രകാശ് ജാവഡേക്കര്‍

ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നും തിരുവനന്തപുരവും തൃശൂരും ഉറപ്പായി ജയിക്കുമെന്നും ബിജെപി സംസ്ഥാന നേതൃയോഗത്തിന്റെ വിലയിരുത്തല്‍. ആറ്റിങ്ങലില്‍ ജയസാധ്യതയുണ്ടെന്നും ബൂത്ത് തലകണക്കുകള്‍ അവതരിപ്പിച്ച് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതലക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് ഇരുപതുശതമാനത്തിന് മുകളിലെത്തുമെന്നും നേതാക്കള്‍ അവകാശപ്പെട്ടു 

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരും തൃശൂരില്‍ സുരേഷ് ഗോപിയും ജയിക്കുമെന്ന് ബിജെപി വിലയിരുത്തല്‍. ആറ്റിങ്ങലില്‍ നല്ല ജയസാധ്യതയുണ്ട്. പാലക്കാടും, ആലപ്പുഴയിലും രണ്ടാം സ്ഥാനത്തെത്തി വലിയ മുന്നേറ്റം ഉണ്ടാകും. കെ സുരേന്ദ്രൻ മത്സരിച്ച വയനാട് വോട്ട് ഇരട്ടിയാകും. ആകെ 20 ശതമാനത്തിലേറെ നേടുമെന്നാണ് അതത് മണ്ഡലങ്ങളുടെ ചുമതലക്കാര്‍ നല്‍കിയ കണക്കില്‍ ബി.ജെ.പിയുടെ വിലയിരുത്തല്‍. തിരുവനന്തപുരത്ത് രാജീവ് മൂന്നുലക്ഷത്തി അറുപതിനായിരം വോട്ട് നേടും. നേമത്ത് 20000, വട്ടിയൂർക്കാവിൽ 15000 , കഴക്കൂട്ടത്ത് 8000, തിരുവനന്തപുരത്ത് 5000 വോട്ടുവരെയാകും ലീഡ്. പാറശാലയിൽ രണ്ടാം സ്ഥാനത്തെത്തും. കോവളത്തും, നെയ്യാറ്റിൻകരയിലും ‍മൂന്നാമത് തന്നെങ്കിലും മികച്ച മുന്നേറ്റം ഉണ്ടാകും. 

തൃശൂരില്‍ ബിജെപി 4 ലക്ഷം വോട്ട് നേടും. തൃശൂർ, മണലൂർ, ഇരിങ്ങാലക്കുട നിയമസഭമണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്തും, നാട്ടികയിലും പുതുക്കാടും രണ്ടാം സ്ഥാനത്തെത്തുമെത്തും. ആറ്റിങ്ങലിൽ ഇഞ്ചോടിഞ്ച് മത്സരമായിരുന്നു .വി.മുരളീധരന്‍ 3 ലക്ഷം വോട്ട് നേടും. വർക്കലയിലും, ആറ്റിങ്ങലിലും, ചിറയിൻകീഴും ഒന്നാമതെത്തുമെന്ന് കണക്ക്. 50000 വോട്ട് അധികം കിട്ടാനുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. .പത്തനംതിട്ടയിൽ കഴിഞ്ഞതവണ കെ സുരേന്ദ്രൻ നേടിയ 2.97 ലക്ഷം വോട്ട്  അനിൽ ആന്റണി മറികടക്കുമെന്നും ബിജെപി വിലയിരുത്തുന്നു. മുരളീധരവിരുദ്ധചേരിയിലെ പ്രമുഖരായ പി.കെ.കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്‍, എം.ടി. രമേശ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. എന്നാല്‍ ഇതില്‍ അസ്വാഭാവികതയില്ലെന്ന് ജാവഡേക്കര്‍.