കെ.കെ ശൈലജയ്​ക്കെതിരായ അശ്ലീല പോസ്റ്റ്; കൂടുതല്‍ പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

വടകര എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്ക്ക് എതിരായ സൈബര്‍ അധിക്ഷേപത്തില്‍ മട്ടന്നൂരിലും പേരാമ്പ്രയിലും കേസ്. കലാപാഹ്വാനം ഉള്‍പ്പെടെയുള്ളവ ചുമത്തിയാണ് കേസെടുത്തത്. അതേസമയം  ശൈലജയ്ക്കെതിരായ അധിക്ഷേപം ശുദ്ധതെമ്മാടിത്തരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

കെ.കെ. ശൈലജയുടെ പരാതിയില്‍ പ്രവാസിയായ നടുവണ്ണൂര്‍ സ്വദേശി കെ.എം. മിന്‍ഹാജിനെതിരെയാണ് മട്ടന്നൂര്‍ പൊലിസ് കേസെടുത്തത്. കലാപാഹ്വാനം, വ്യാജപ്രചാരണം എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ പേരാമ്പ്ര നൊച്ചാട് സ്വദേശി സല്‍മാന്‍ വാളൂരിനെതിരെയാണ് അടുത്ത കേസ്. ശൈലജയുടെ വിഡിയോ മോര്‍ഫ് ചെയ്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിച്ചു എന്നാണ് എഫ്ഐആര്‍. വടകര എല്‍ഡിഎഫ് പാര്‍ലമെന്‍റ് മണ്ഡലം കമ്മറ്റി സെക്രട്ടറി വല്‍സന്‍ പനോളി റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയിലാണ് നടപടി. എന്നാല്‍ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് യൂത്ത്്ലീഗ് പ്രാദേശിക നേതൃത്വത്തിന്‍റെ വിശദീകരണം. 

കെ.കെ. ശൈലജയ്ക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ യുഡിഎഫിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു. മുഖ്യമന്ത്രി കൂടി സ്വരം കടുപ്പിച്ചതോടെ നടപടികള്‍ക്ക് പൊലിസ് വേഗത കൂട്ടിയിട്ടുണ്ട്. പൊലിസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ എല്‍ഡിഎഫ് മണ്ഡലം കമ്മറ്റിയുടെ ആക്ഷേപം.

Police registers case against expat in cyber assault on KK Shailaja