‘ഷോക്കിങ്, അണ്‍ഫെയര്‍’; കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആക്രമിക്കപ്പെട്ട നടി

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ കോടതിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ആക്രമിക്കപ്പെട്ട നടി.  മൗലികാവകാശമായ സ്വകാര്യത നിഷേധിക്കപ്പെട്ടുവെന്നും ഇരയാക്കപ്പെട്ട വ്യക്തിക്ക് കരുത്തുപകരേണ്ട കോടതിയില്‍  ദുരനുഭവം നേരിട്ടെന്നും അവര്‍ വ്യക്തമാക്കി . ഇതിലൂടെ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേല്‍പിച്ച നീചത്വമെന്നും നടി സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

This is unfair and shocking !! എന്ന തലക്കെട്ടോടെയാണ് അതിജീവിതയുടെ സമുഹമാധ്യമപോസ്റ്റ്. ഹൈക്കോടതിയില്‍ നിന്ന് കൈമാറിയ അന്വേഷണ റിപ്പോര്‍ട്ട് വായിച്ചശേഷമുള്ള മാനസികാവസ്ഥയാണ് അതിജീവിത പങ്കുവച്ചത്. കേസുമായി ബന്ധപ്പെട്ട മെമ്മറികാർഡിന്‍റെ ഹാഷ് വാല്യൂ മാറിയതിൽ വിചാരണ കോടതി നടത്തിയ ജുഡീഷ്യൽ അന്വേഷണത്തിന്‍റെ റിപ്പോർട്ട് കടുത്ത ഞെട്ടല്‍ ഉളവാക്കുന്നതാണ്. സ്വകാര്യത എന്നത്  ഒരു വ്യക്തിയുടെ മൗലീക അവകാശമാണെന്നിരിക്കെ കോടതിയിൽ ഇരുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറികാർഡിന്‍റെ ഹാഷ് വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്. തന്റെ സ്വകാര്യത ഈ കോടതിയില്‍ സംരക്ഷിക്കപ്പെടുന്നില്ലെന്ന് ഭയപ്പാടോടെ താന്‍ തിരിച്ചറിയുന്നു.

ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ട കെട്ടി കരുത്തുപകരേണ്ട കോടതിയിൽ നിന്നും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകുമ്പോൾ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ച നീചരുമാണെന്നത് സങ്കടകരമാണെന്നും അതിജീവിത വ്യക്തമാക്കുന്നു. ഇതിനര്‍ഥം കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നല്ല. സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസ്യതയോടെ നിയമയുദ്ധം തുടരുമെന്നും അവര്‍ വ്യക്തമാക്കി. സത്യമേ വ ജയതേ എന്ന വിശ്വാസം ആവര്‍ത്തിച്ചാണ് അവര്‍ പോസ്റ്റ് അവസാനിപ്പിച്ചത്. നിയമരംഗത്തു നിന്നുള്ള എതിര്‍പ്പുകൂടി നേരിട്ടാണ് അന്വേഷണ റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് ലഭ്യമാക്കാനായതെന്ന്  അഡ്വ. ടി.ബി. മിനിയും വ്യക്തമാക്കി. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണമല്ല ക്രിമനല്‍ കേസ് റജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണമാണാവശ്യമെന്നും അവര്‍  പറഞ്ഞു.  

Actress Assault Case: Surviver against court