kseb
  • പ്രതിദിനം 18 കോടിരൂപവരെ അധികച്ചെലവ്
  • ഞായര്‍ ഒഴികെ പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് മുകളില്‍
  • ഈ മാസം 26 വരെ വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

സംസ്ഥാനം കടുത്ത വോള്‍ട്ടേജ് ക്ഷാമത്തിലേക്ക്. വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നതിനാലാണിത്. വൈദ്യുതി വാങ്ങുന്നതിനുള്ള ദീര്‍കാല കരാര്‍ റഗുലേറ്ററി കമ്മിഷന്‍ പുനഃസ്ഥാപിച്ചെങ്കിലും കമ്പനികള്‍ കുറഞ്ഞനിരക്കില്‍ വൈദ്യുതി നല്‍കാന്‍ വിസമ്മതിച്ചതും വന്‍തിരിച്ചടിയായി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

വീട്ടില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിന്റെ വേഗം പെട്ടന്നു കുറയുന്നു . വെളിച്ചം മങ്ങുന്നു. വൈകുന്നേരം ആറരമുതല്‍ പതിനൊന്നരവരെ സംസ്ഥാനത്ത് നഗര–ഗ്രാമ വ്യത്യാസമില്ലാതെ മിക്കവരും അനുഭവിക്കുന്നതാണിപ്പോള്‍. വോള്‍ട്ടേജ് കുറയുന്നതാണ് കാരണം. അല്ലെങ്കില്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തേണ്ടിവരും. ഈമാസം 26 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. അതുകഴിഞ്ഞും വൈദ്യുതി ഉപയോഗം ഇതുപോലെ തുടരുകയാണെങ്ങങ്കില്‍ വൈദ്യുതി നിയന്ത്രണം വരാം. കഴിഞ്ഞദിവസം കേരളം ഉപയോഗിച്ചത് 104.82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് . ഇതില്‍ ആഭ്യന്തര ഉല്‍പാദനം 13.14 ദശലക്ഷം യൂണിറ്റ്.88.27 ദശലക്ഷം യൂണിറ്റ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങി. യൂണിറ്റിന് എട്ടുരൂപമുതല്‍ 12 രൂപ വരെ നല്‍കിയാണ് ഈ വൈദ്യുതി വാങ്ങുന്നത്. പ്രതിദിനം 18 കോടിരൂപവരെ അധികച്ചെലവ്. ഈ പശ്ചാത്തലത്തില്‍ വേണം 450 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 4 രൂപ 29 പൈസ നിരക്കില്‍  വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ റഗുലേറ്ററി കമ്മിഷന്‍ കഴിഞ്ഞ മേയില്‍ റദ്ദാക്കിയതും വന്‍ എതിര്‍പ്പിനത്തുടര്‍ന്ന് ഡിസംബറില്‍ പുനഃസ്ഥാപിച്ചതും പ്രസക്തമാകുന്നത്. 

 

സംസ്ഥാനത്തിന് കോടികളുടെ അധികബാധ്യത വരുത്തിയ ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതിലെ ദുരൂഹത മനോരമ ന്യൂസാണ്  പുറത്തുകൊണ്ടുവന്നത്.കരാര്‍ പുനഃസ്ഥാപിച്ചെങ്കിലും കമ്പനികള്‍ വൈദ്യുതി നല്‍കാന്‍ ഒരുക്കമല്ല. ജിന്‍ഡാല്‍ പവര്‍  അവരുടെ കുടിശികയായ 150 കോടി രൂപ കെ.എസ്.ഇ.ബി നല്‍കിയാല്‍ വൈദ്യുതി നല്‍കാമെന്ന നിലപാടിലാണ്. ജിന്‍ഡാല്‍ തെര്‍മല്‍ പവര്‍ കേരളത്തിന് നല്‍കാനിരുന്ന വൈദ്യുതി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞുവെന്ന് അറിയിച്ചു. ജാബുവ പവര്‍ ആകട്ടെ അപലറ്റ് ട്രൈബ്യൂണലില്‍ അപ്പീല്‍ പോയി.

 

മാര്‍ച്ച് പതിനൊന്നിന് ശേഷം ഞായര്‍ ഒഴികെ എല്ലാ ദിവസവും വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് മുകളില്‍ തുടരുകയാണ്.ഏപ്രില്‍ മേയ് മാസങ്ങളിലെ വൈദ്യുതി ഉപയോഗം മുന്‍നിര്‍ത്തി 8 രൂപ69 പൈസയ്ക്ക് അദാനി, ടാറ്റ, പിടിസി ഇന്ത്യ എന്നീകമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയിരുന്നു. പീക്ക് സമയത്തെ വൈദ്യുതി ആവശ്യം നേരിടാന്‍ ബോര്‍ഡ് ക്ഷണിച്ച ടെന്‍ഡറില്‍ ജിന്‍ഡാല്‍ പവര്‍ യൂണിറ്റിന് ഒന്‍പതര രൂപയും അദാനി ഏപ്രിലിലേക്ക് പത്തേകാല്‍ രൂപയും മേയിലേക്ക് പതിനാല് രൂപ 30 പൈസയുമാണ് കാണിച്ചിട്ടുള്ളത്. ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതിന് വലിയ വിലനല്‍കേണ്ടി വരുമെന്ന് സാരം. 

 

Voltage crisis in Kerala