വര്‍ക്കല അയിരൂരില്‍ വീട്ടിലെ വൈദ്യുതി തടഞ്ഞ കെ.എസ്.ഇ.ബിയുടെ നടപടിയില്‍ ഇടപെട്ട് മന്ത്രി. ഉദ്യോഗസ്ഥര്‍ വൈരാഗ്യബുദ്ധിയോടെ പെരുമാറിയെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കും. ഡെപ്യൂട്ടി ചീഫ് എന്‍ജീനിയറോട് ഇന്നുതന്നെ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി തടഞ്ഞതും ഉദ്യോഗസ്ഥ വീഴ്ചയും പുറത്ത് കൊണ്ടുവന്നത് മനോരമ ന്യൂസാണ്.
അയിരൂര്‍പറമ്പില്‍ രാജീവന്‍റെ വീട്ടിലെ വൈദ്യുതിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് നല്‍കിയതിന്‍റെ പേരില്‍ കെ.എസ്.ഇ.ബി തടഞ്ഞത്. പോസ്റ്റില്‍നിന്നുള്ള സര്‍വീസ് വയര്‍ കത്തിയതാണ് വീട്ടിലെ മെയിന്‍ ബോര്‍ഡില്‍ തീപിടിക്കാന്‍ കാരണം. ഇത് കണ്ടെത്താന്‍ കഴിയാതെ വീട്ടിലെ വയറിങ്ങിനാണ് തകരാര്‍ എന്ന ന്യായം പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. മനോരമ ന്യൂസ് വാര്‍ത്ത പുറത്തുവിട്ടതിനെ തുടര്‍ന്ന് രാത്രി വൈകി വൈദ്യുതി പുനസ്ഥാപിക്കുകയായിരുന്നു.