ഇഡി പറയുന്ന 100 കോടി എവിടെ? ബിജെപി പണം വാങ്ങി: കേജ്‌രിവാള്‍

തനിക്കെതിരായ കുറ്റം തെളിയിച്ചിട്ടില്ലെന്ന് അരവിന്ദ് കേജ്‌രിവാള്‍ കോടതിയില്‍. കുറേ മൊഴികളും 25,000പേജുള്ള കുറ്റപത്രവും ഉണ്ട്. ഇൗ മൊഴികള്‍ ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമാണോ എന്ന് അദ്ദേഹം ചോദിച്ചു. തന്‍റെ വസതിയില്‍ മന്ത്രിമാര്‍ എത്തി എന്ന് പറഞ്ഞുകൊണ്ട് അറസ്റ്റ് ചെയ്യാമോ. വീട്ടില്‍ പല ഫയലുകളും മന്ത്രിമാരും വരും. കേജ്‌രിവാളിന് അഞ്ചുമിനിറ്റില്‍ കൂടുതല്‍ സംസാരിക്കാന്‍ അനുമതിയില്ലെന്ന് കോടതി പറഞ്ഞു.

മദ്യനയ അഴിമതിയില്‍ ഇഡി പറയുന്ന 100 കോടി എവിടെ എന്ന് കേജ്‌രിവാള്‍ ചോദിച്ചു. ‌നേരത്തെ അറസ്റ്റിലായവര്‍ക്കുമേല്‍ തന്‍റെ പേര് പറയാന്‍ സമ്മര്‍ദമുണ്ടായി. ഇഡിക്ക് തന്‍റെ അറസ്റ്റ് രേഖപ്പെടുത്താന്‍ നേരത്തെ പദ്ധതിയുണ്ടായിരുന്നു. പി.ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് 55 കോടി നല്‍കിയെന്നും കേജ്‌രിവാള്‍ കോടതിയില്‍. 

കേജ്‌രിവാള്‍ കോടതിയില്‍ സംസാരിക്കുന്നത് എതിര്‍ത്ത് ഇഡി രംഗത്തെത്തി. കേജ്‌രിവാള്‍ ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയില്‍. ഏഴുദിവസം കസ്റ്റഡിയില്‍ വേണമെന്നും ആവശ്യപ്പെട്ടു. കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യംചയ്യണമെന്ന് ഇഡി. ഗോവയില്‍നിന്നുള്ള ചിലരെയും കേജ്‌രിവാളിന് ഒപ്പമിരുത്തി ചോദ്യംചെയ്യണം. പഞ്ചാബിലെ മുതിര്‍ന്ന എക്സൈസ് ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യണം. ഇലക്ടറല്‍ ബോണ്ടും മദ്യനയവുമായി ബന്ധമില്ലെന്ന് ഇഡി നിലപാട് വ്യക്തമാക്കി. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാനായില്ല; കേജ്‌രിവാള്‍ പാസ്‌വേഡ് നല്‍കുന്നില്ല– ഇഡി കുറ്റപ്പെടുത്തി.