'മരണത്തില്‍ ആരും ഉത്തരവാദികളല്ല'; ഡോക്ടറുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിത ഡോക്ടറുടെ ആത്മഹത്യയിൽ  കുറിപ്പ് പുറത്ത്. മരണത്തിൽ ആരും ഉത്തരവാദിയല്ലെന്നാണ് ഡോ. അഭിരാമിയുടെ കുറിപ്പിലുള്ളത്. വിവാഹിതയാണെങ്കിലും കുടുംബ പ്രശ്നങ്ങളില്ലായിരുന്നുവെന്നാണ് ബന്ധുക്കളുടെ നിലപാട്. അനസ്തീഷ്യ  മരുന്ന് കുത്തിവെച്ചാണ് മരണമെന്നു പൊലീസ് അറിയിച്ചു. ജനറൽ മെഡിസിനിലെ സീനിയർ റസിഡന്റ് അഭിരാമി ബാലകൃഷ്ണനെ  ഇന്നലെ വൈകിട്ടണ് മെഡിക്കൽ കോളജിന് സമീപം പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ആറു മാസം മുൻപായിരുന്നു കൊല്ലം രാമനാട്ടുകര സ്വദേശിയായ ഡോക്ടർ പ്രതീഷുമായുള്ള വിവാഹം. എന്നാൽ മരണത്തിൽ കുടുംബ പ്രശ്നങ്ങൾ ഇല്ലെന്നാണ് ബന്ധുക്കളും പറയുന്നത്. പ്രതീഷും കുടുംബവും രാവിലെ  അഭിരാമിയുടെ വീട്ടിലെത്തി. 

ഇന്നലെ കൊല്ലത്ത് പ്രതീഷിന്‍റെ വീട്ടിലെത്തുമെന്നറിയിച്ച അഭിരാമി വൈകിയിട്ടും എത്താതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.തൊട്ടടുത്ത മുറിയിലെ ഡോക്ടർ വന്നു വിളിച്ചപ്പോൾ അനക്കമില്ലായിരുന്നു.കൈയിൽ സിറിഞ്ച് കുത്തിയ നിലയിലായിരുന്നു. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തെങ്കിലും ഫോൺ രേഖകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. സഹപ്രവർത്തകരുടേയും, സഹപാഠികളുടേയും, ബന്ധുക്കളുടേയും മൊഴിയെടുക്കും.ആർ.ഡി.ഒയുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ നടന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം മെഡിക്കൽ കോളജിൽ പൊതു ദർശനത്തിനു വെച്ചു. വെള്ളനാട് ബാലകൃഷ്ണൻ - രമ ദമ്പതികളുടെ ഏക മകളാണ് 30 കാരിയായ അഭിരാമി ബാലകൃഷ്ണൻ.

Police found suicide note from doctor's death